അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തിക്കെട്ട നോട്ടം നോക്കും, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ശ്രീനിവാസന്റേത്. ശ്രീനിവാസന് പിന്നാലെ മക്കാള വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലെത്തി. പിന്നണി ഗായകനായിട്ടായിരുന്നു വിനീത് ശ്രീനിവാസന്റെ അരങ്ങേറ്റം. പിന്നീട് നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി വിനീത് തിളങ്ങി. ഇതിനിടെയാണ് വിനീതിന്റെ തന്നെ തിര എന്ന ചിത്രത്തിലൂടെ ധ്യാനിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ധ്യാന്‍ വേഷമിട്ടു.

കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്റെ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. നടന്‍ അജു വര്‍ഗീസ് ആയിരുന്നു ധ്യാനിന്റെ പുതിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ അജുവിന്റെ പോസ്റ്റ് വൈറലായി. ഇതിന് പിന്നാലെ നിരവധി പേര്‍ ധ്യാന്‍ ശ്രീനിവാസനെ അഭിനന്ദിച്ച് രംഗത്ത് എത്തി.

ഇപ്പോള്‍ ഈ മാറ്റത്തിന് പിന്നിലെ കാരണം ധ്യാന്‍ തന്നെ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് പങ്കുവെച്ച തന്റെ ചിത്രത്തിന്റെ താഴെയാണ് ധ്യാന്‍ ശ്രീനിവാസന്‍ കമന്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തിക്കെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. – എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്.

ധ്യാന്‍ ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അടിപൊളി തിരിച്ചുവരവാണ് സദാ എന്നാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയകളില്‍ കുറിച്ചത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് ധ്യാന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് ധ്യാനിന്റെ പുതിയ മേക്കോവറെന്നാണ് വിവരം.