പള്‍സര്‍ സുനി എന്തിന് ദിലീപിന്റെ പേര് പറഞ്ഞുവെന്നതാണ് കണ്ടുപിടിക്കേണ്ടത്, അന്ന് നാദിര്‍ഷ പറഞ്ഞതിനെ പോലീസുകാര്‍ വളച്ചൊടിച്ചു- അഖില്‍ മാരാര്‍

തന്റെ നിലപാടുകളെ കുറിച്ചും ദിലീപിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും വെളിപ്പെടുത്തി അഖില്‍ മാരാര്‍. താൻ പല കാര്യങ്ങളും കോൺഫിഡന്റായി സംസാരിക്കുന്നതിന് പിന്നിലെ ധൈര്യം അറിഞ്ഞുകൊണ്ട് ഒരാളെയും ചതിച്ചോ പറ്റിച്ചോ അനധികൃതമായോ ഒന്നും ചെയ്തിട്ടില്ലെന്നതുകൊണ്ടാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

ഞാൻ അടുത്ത കാലത്തായി പല കാര്യങ്ങളിലും സ്ട്രോങ്ങായി സംസാരിക്കുമ്പോൾ ഞാൻ കാര്യങ്ങൾ പഠിച്ച് മനസിലാക്കിയാണ് ഓരോ വിഷയത്തിലും സംസാരിക്കുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ അത്രയ്ക്കൊന്നും ഞാൻ പഠിച്ച് മനസിലാക്കാറൊന്നുമില്ല. ഒരു വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ വരും മുമ്പ് നീ സംസാരിച്ചോളൂ, നിന്റെ ഭാഗം തന്നെയാണ് ശരിയെന്ന തോന്നൽ വരാറുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയ തോന്നലല്ല. ഞാൻ എന്നെ തിരിച്ച് അറിഞ്ഞ് തുടങ്ങിയ സമയം മുതൽ അങ്ങനെയാണ്.

തീരുമാനങ്ങളുടെ പേരിൽ പശ്ചാതപിക്കേണ്ടി വന്നിട്ടില്ല. ഞാൻ പല കാര്യങ്ങളും കോൺഫിഡന്റായി സംസാരിക്കുന്നതിന് പിന്നിലെ ധൈര്യം അറിഞ്ഞുകൊണ്ട് ഒരാളെയും ചതിച്ചോ പറ്റിച്ചോ അനധികൃതമായോ ഒന്നും ചെയ്തിട്ടില്ലെന്നതുകൊണ്ടാണ്. അല്ലാതെ എവിടുന്ന് ധൈര്യം വരും. പലരും നിശബ്ദത പാലിക്കുന്നത് അവർക്ക് പലതും നഷ്ടപ്പെടാനുള്ളതുകൊണ്ടാണ്. കാടടച്ച് ഞാൻ ഒന്നും പറയാറില്ല. വ്യക്തത കൊടുത്താണ് പറയാറുള്ളത്.

ദിലീപ് വിഷയത്തിൽ മാധ്യമങ്ങൾ ഭാവിയിൽ മാപ്പ് പറയുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും എന്നോട് എതിർപ്പ് പ്രകടിപ്പിച്ചു.‍ ബിഗ് ബോസിൽ ചില പെൺകുട്ടികൾ അനുഭവിച്ച വിഷയങ്ങളെ കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ ദിലീപ് വിഷയത്തിൽ ഞാൻ പറഞ്ഞത് എടുത്തുകൊണ്ട് വന്ന് എന്റേത് ഇരട്ടത്താപ്പാണെന്ന് വരെ പലരും പറഞ്ഞു.‍

ദിലീപ് വിഷയം കോടതിയിൽ ഇരിക്കുന്ന കേസായതുകൊണ്ട് ഞാൻ ഡീറ്റെയിലായി പറയുന്നില്ല. പക്ഷെ ദിലീപ് എവിടെയാണ് പ്രേക്ഷകർക്ക് മുമ്പിൽ കുറ്റക്കാരനായത്. പൾസർ സുനിയെന്ന് പറയുന്നവൻ പോലീസിന് കൊടുത്ത ഒറ്റ മൊഴിക്ക് അപ്പുറത്തേയ്ക്ക് കേരളത്തിലെ ജനതയ്ക്ക് എന്ത് ബോധ്യമാണുള്ളത് ഇയാൾ ഇത് ചെയ്തുവെന്നുള്ളതിന്?. ഫാബ്രിക്കേറ്റഡായി കാര്യങ്ങൾ ചെയ്യാൻ കേരള പോലീസിനെ പോലെ കഴിയുന്ന മറ്റൊരു പോലീസ് ഇന്ത്യയിൽ വേറെയില്ല.

എന്നോട് നാദിർഷ നേരിട്ട് പറഞ്ഞൊരു കാര്യമുണ്ട്. നാദിർഷ അമേരിക്കയിൽ നിൽക്കുമ്പോഴാണ് ഇവിടെ ഈ പ്രശ്നമുണ്ടാകുന്നത്. അന്ന് അദ്ദേഹത്തെ വിളിച്ച് പോലീസ് പറഞ്ഞു ദിലീപ് വിഷയത്തിൽ നിങ്ങളെ പ്രതിയാക്കുകയാണ് നിങ്ങളെ ചോദ്യം ചെയ്യണമെന്ന്.