ഒന്നായിട്ട് നാല് വർഷം, ദിലീപ്-കാവ്യ ദമ്പതികൾക്ക് വിവാഹാശംസകൾ നേർന്ന് ആരാധകർ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യയും. 2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ​ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇന്ന് ദിലീപും കാവ്യയും ജീവിതത്തിൽ ഒന്നിച്ചിട്ട് നാല് വർഷം. ഈ വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേരുകയാണ് ആരാധകർ. നിരവധി ആരാധകരാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ ചേർത്തുവെച്ചുള്ള ആശംസ പോസ്റ്റുകൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

സ്‌ക്രീനിലെ ​ഭാ​ഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിരവധി പഴികൾ കേട്ടു. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ അതിന്റെ വഴിക്ക് വിട്ട് സന്തോഷപൂർവ്വമായി ജീവിക്കുകയാണ് ഇവർ. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. കാവ്യ മാധവൻ ആദ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

ബാലതാരമായി സിനിമയിലെത്തി പിൽക്കാലത്ത് നായികയായി മാറിയതാണ് കാവ്യ മാധവൻ. ദിലീപാവട്ടെ മിമിക്രി വേദിയിൽ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചത് മകളാണെന്നും, തന്റെ പേരിൽ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് വിവാഹസമയത്ത് പറഞ്ഞത്. ഇവരോട് അടുപ്പമുള്ളവരൊഴികെ മറ്റുള്ളവരെല്ലാം വിവാഹത്തെക്കുറിച്ച് അറിഞ്ഞത് മുഹൂർത്തത്തിന് മുൻപായാണ്. വിവാഹത്തിന് ശേഷം മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ഇവർക്ക് നേരിടേണ്ടി വന്നത്. പ്രതിസന്ധി ഘട്ടത്തിൽ ദിലീപിനും കുടുംബത്തിനും ശക്തമായ പിന്തുണയുമായി കൂടെ നിൽക്കുകയായിരുന്നു കാവ്യ മാധവൻ. സന്തോഷത്തോടെ ജീവിതം മുന്നോട്ട് നീക്കുന്ന ദമ്പതികൾ വിവാഹാശംസകൾ!