ദുരിത കാലത്ത് സ്വര്‍ണാഭരണം വിറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് വാര്‍ഡ് മെമ്പര്‍

കോവിഡിന് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരുടെയും ജീവിതം ദുസ്സഹമായിരുന്നു. ഈ ദുരിത കാലത്ത് സ്വര്‍ണാഭരണം വിറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരിക്കുകയാണ് ഒരു ഗ്രാമപഞ്ചായത്ത് മെമ്പര്‍. മലപ്പുറം ജില്ലയിലെ എടയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഫാത്തിമത്ത് തസ്‌നിയാണ് തന്റെ വാര്‍ഡിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യക്കിറ്റ് എത്തിച്ച് നല്‍കാനായി സ്വര്‍ണാഭരണം വിറ്റത്. ഒന്നര പവന്‍ സ്വര്‍ണമാണ് തസ്‌നി വിറ്റത്.

ഈ സമയത്തിനുള്ളില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഒരിക്കല്‍ എങ്കിലും തസ്‌നി സന്ദര്‍ശനം നടത്തി കഴിഞ്ഞിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആയി കഴിയുന്നവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തസ്‌നി എത്തി കാര്യങ്ങള്‍ ചോദിച്ച് അറിയും. മഹാമാരി കാലത്ത് ജനങ്ങളുടെ പ്രയാസം തസ്‌നിയുടെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കാന്‍ തക്ക പല അനുഭവങ്ങള്‍ കാരണമായി. തുടര്‍ന്ന് സഹായമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത അങ്ങനെയുണ്ടായി.

വാര്‍ഡിലെ 450 കുടുംബങ്ങളാണുള്ളത്. ഈ മുഴുവന്‍ വീടുകളിലും കിറ്റ് നല്‍കാനായി ഒരു ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് മറ്റൊന്നും ആലോചിക്കാതെ മോതിരവും കമ്മലും ഉള്‍പ്പെടെയുള്ള തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ടേം മെമ്പറും ഡിഗ്രി വിദ്യാര്‍ഥിയുമായ ഫാത്തിമത്ത് തസ്‌നി, കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്, ആംബുലന്‍സ് സേവനം തുടങ്ങി ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.