ലഹരി സംഘത്തിന്റെ വധഭീഷണി ; പരാതിയുമായി വിദ്യാര്‍ഥിനിയുടെ അമ്മ

കോഴിക്കോട് : ലഹരി സംഘത്തിന്റെ വധഭീഷണിയിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ  ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍പെടുത്തിയ സംഘം കുടുംബത്തെ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് മാതാവിന്റെ പരാതി. നിയന്ത്രിക്കാന്‍ ശ്രമം തുടങ്ങിയതുമുതല്‍ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന ഭീഷണി.

ഭീഷണി ഇപ്പോഴും തുടരുകയാണ്. അതിനാൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു. കേസില്‍ വിദ്യാര്‍ഥിനിയുടെ നാല് സഹപാഠികളെക്കൂടി പോലീസ് ചോദ്യംചെയ്യും. കൂടുതല്‍ പേരെ ലഹരികടത്തിന് ഉപയോഗിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് നീക്കം. പ്രധാനാധ്യാപകന്റെയും മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം സ്‌കൂൾ അധികൃതർ പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നതായും അമ്മ ആരോപിച്ചു. തുടര്‍ പഠനത്തിനായി സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ താത്പര്യം കാട്ടുന്നില്ലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണ് സ്കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ലഹരി മാഫിയ ക്യാരിയറായി ഉപയോഗിച്ച പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്ക് വെച്ച് നിലച്ചതിനാല്‍ തുടര്‍ പഠനത്തിന് സ്കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്.