ടൂറിസം സീസണിൽ ഇനി റെസ്റ്റോറന്റുകളിലും ബിയർ ലഭിക്കും, കള്ള് ഷാപ്പുകളുടെ മുഖച്ഛായ മാറും

കേരളത്തിൽ ഇനി റെസ്റ്റോറന്റുകളിൽ ബിയർ ലഭിക്കും. പുതിയ മദ്യനയം മന്ത്രിസഭ അം​ഗീകരിച്ചു. കള്ള് ഷാപ്പുകളുടെ മുഖച്ഛായ മാറും, ടൂറിസം സീസണിൽ ഇനി റെസ്റ്റോറന്റുകളിൽ ബിയർ സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പു മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇതിന് ആവശ്യമായ നിയമനിർമാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ മദ്യനയത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം നടത്തും. ലഹരിവിമുക്ത പ്രവർത്തനങ്ങൾ ശക്തിമാക്കാനാണ് കൂടുതൽ ഊന്നലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. കേരള ടോഡി എന്ന പേരിൽ കള്ളിനെ ബ്രാൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിൽ വിനോദസഞ്ചാര സീസണിൽ മാത്രം ബിയർ, വൈൻ എന്നിവ വിൽപന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും.

ഇപ്പോൾ കേരളത്തിൽ 559 വിദേശമദ്യ ചില്ലറ വിൽപന ശാലകൾക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകൾക്ക് നിയമപരമായ തടസ്സം ഇല്ലെങ്കിൽ അവർ അപേക്ഷിച്ചിട്ടുമുണ്ടെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന വരെ ബാർ ലൈസൻസ് പുതുക്കി നൽകും. ക്ലാസിഫിക്കേഷൻ കമ്മിറ്റി പരിശോധനയിൽ അർഹതയില്ലെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

ഐടി പാർക്കുകളിൽ വിദേശമദ്യം വിതരണം ചെയ്യുന്നതിന് ചട്ടഭേദഗതി പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിന് സമാനമായ നിലയിൽ വ്യവസായ പാർക്കുകളിൽ നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം ലഭ്യമാക്കാൻ വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നടപ്പാക്കും. ഐടി. പാർക്കുകൾ എന്നുള്ളത് വ്യവസായ പാർക്കുകൾക്കും കൂടി ബാധകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ ലൈസൻസ് ഫീസ് മുപ്പതു ലക്ഷത്തിൽനിന്ന് 35 ലക്ഷം രൂപയായി വർധിപ്പിക്കും.

സീമെൻ, മറൈൻ ഓഫീസേഴ്‌സ് എന്നിവർക്കു വേണ്ടിയുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിന് വേണ്ടിയുള്ള ലൈസൻസ് ഫീസ് അൻപതിനായിരത്തിൽനിന്ന് രണ്ടുലക്ഷമായി ഉയർത്തും. ബിവറേജസ് കോർപറേഷൻ വഴി വിൽക്കുന്ന മദ്യക്കുപ്പികളിൽ ക്യൂ.ആർ. കോഡ് പതിപ്പിക്കുന്ന നടപടികൾ ഈ വർഷം പൂർത്തിയാക്കി മദ്യവിതരണത്തിൽ സുതാര്യത ഉറപ്പാക്കും. കള്ള് ചെത്തി ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് കൊണ്ടുപോകുന്നതിന് ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.