പോക്‌സോ കേസ്; ഡിവൈഎഫ്‌ഐ നേതാവും, പ്ലസ്ടു വിദ്യാർത്ഥിയും ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പോക്‌സോ കേസിൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പതിനാറുകാരിയെ
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഡിവൈഎഫ്‌ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജിനേഷ്, തൃശൂർ കുന്ദംകുളം സ്വദേശി സുമേജ്, അരുൺ, സിബി, ബ്യൂട്ടി പാർലർ നടത്തുന്ന വിഷ്ണു, അഭിജിത്, അച്ചു അനന്തു എന്നിവരെയാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്ലസ് ടു വിദ്യാർത്ഥിയെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികെയുള്ള പ്രതികളെല്ലാം പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറം ലോകമറിയുന്നത്. വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ഡിസംബർ രണ്ടിനാണ് പോലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറു ദിവസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി.

കാറ്ററിംഗ് തൊഴിലാളിയായ ഇയാൾക്കൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പോലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം കൈമാറിയതിനാണ് അറസ്റ്റ്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് കഴിഞ്ഞ രണ്ട് വർഷമായി നിരവധി തവണ പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നത്. ആദ്യം പരിചയപ്പെട്ട ആളിൽ നിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ചൂഷണം ചെയ്തുവെന്നും പെൺകുട്ടി മൊഴി നൽകി.