മൂന്നാറിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട ഭാഗത്ത് തമ്പടിച്ച് കാട്ടാന കൂട്ടം

ഇടുക്കി : മൂന്നാറിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട ഭാഗത്ത് കാട്ടാന കൂട്ടം വീണ്ടും എത്തി. ഇന്നലെ വൈകിട്ടാണ് കാട്ടാനക്കൂട്ടം കന്നിമല ടോപ്പ് ഡിവിഷൻ ഭാഗത്തിറങ്ങിയത്. സുരേഷ് കുമാർ കൊല്ലപ്പെട്ടതിനു ശേഷം ആർ ആർ ടി നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ ഇതിന് തൊട്ട് പിന്നാലെയാണ് ജനവാസമേഖലയിൽ ആനകൂട്ടം വീണ്ടും ഇറങ്ങിയിരിക്കുന്നത്.

വനംവകുപ്പ് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കാത്തതാണ് വന്യമൃഗ ശല്യം പ്രദേശത്ത് വർദ്ധിച്ചു വരുന്നതിന് കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു. സുരേഷ് കുമാറിന്റെ മരണത്തിന്റെ നടുങ്ങൾ മാറുന്നതിന് മുൻപാണ് അതേ സ്ഥലത്ത് ആനക്കൂട്ടം വീണ്ടും എത്തിയത്. പുറത്തിറങ്ങാൻ പോലും ഭയക്കേണ്ട അവസ്ഥയിലാണ് ജനം.

അതേസമയം, പെരിന്തല്‍മണ്ണ മുളള്യാകുര്‍ശ്ശിയില്‍ വീണ്ടും പുലിയുടെ ആക്രമണം. ജനവാസ മേഖലയില്‍ വീടിന് സമീപത്തു വെച്ചാണ് പുലി ആടിനെ അക്രമിച്ചത്. മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെയാണ് പുലി കടിച്ചത്.

ഉമൈറിന്റെ മുന്നില്‍ വെച്ചായിരുന്നു പുലിയുടെ ആക്രമണം. പുലിയുടെ തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇന്ന് ആക്രമണം ഉണ്ടായ സ്ഥലത്തേക്ക് ഈ കൂട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.