ഗോവയിലെ മദ്യനയത്തെക്കുറിച്ച് പഠിക്കാൻ അഭിപ്രായം ചോദിച്ച് എക്‌സൈസ് വകുപ്പിന് നികുതി വകുപ്പിന്റെ കത്ത്

തിരുവനന്തപുരം. ഗോവയിലെ മദ്യനയത്തെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച പഠനം നടത്തുന്നതില്‍ നികുതിവകുപ്പ് എക്‌സൈസ് വകുപ്പിനോട് അഭിപ്രായം ചോദിച്ച് കത്ത് നല്‍കി. കേരളത്തിലെ ഡിസ്റ്റിലറി ഉടമകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കത്ത് നല്‍കിയത്. അതേസമയം കത്ത് ലഭിച്ചുവെന്നും വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എക്‌സൈസ് കമ്മീഷണര്‍ പ്രതികരിച്ചു.

വിഷയത്തില്‍ പഠനം നടത്താന്‍ സംഘത്തെ അയയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. ഗോവയിലെ മദ്യനയം ടൂറിസം രംഗത്ത് മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും ലൈസന്‍സിങ് സമ്പ്രദായം, നികുതി, പ്രവര്‍ത്തന രീതി എന്നിവ പഠനവിധേയമാക്കണമെന്നാണ് ഡിസ്റ്റിലറി ഉടമകളുടെ യോഗത്തില്‍ ഉയര്‍ന്നത്.

അതേസമയം കേരളത്തില്‍ നിന്നും മൈക്രോ ബ്രൂവറികളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് പഠിക്കാന്‍ പിണറായി സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണറെ ബെംഗളൂരുവിലേക്ക് അയച്ചിരുന്നു. എന്നാല്‍ പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് പദ്ധതി നടപ്പാക്കിയില്ല. പല കമ്പനികള്‍ക്കും ബ്രൂവറി തുടങ്ങാന്‍ അമനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഗോവന്‍ മാതൃകയില്‍ പഴത്തില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആരും അപേക്ഷിച്ചില്ല.