വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം. വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വിഷയം ഗൗരവതരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനേയും വിവരം അറിയിച്ചിട്ടുണ്ട്. രണ്ട് പരാതികൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു. അന്വേഷണത്തിന് ഡിജിപിക്ക് പരാതികൾ കൈമാറിയെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന ചിത്രങ്ങളിൽ കാണുന്ന തിരിച്ചറിയൽ കാർഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐ.ഡി കാർഡുമായി സാമ്യമുള്ളതാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണ്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡിജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടനടി അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

പത്രത്തിൽ കണ്ട ചിത്രത്തിലെ തിരിച്ചറിയൽ കാർഡിലെ നമ്പർ വ്യത്യസ്തമാണ്. അങ്ങനെയൊരു ഐ.ഡി കാർഡ് നമ്പർ ഇല്ല. അതിനർത്ഥം ഇത് മുഴുവനായും വ്യാജമാണ്. ശ്രദ്ധയിൽപ്പെട്ട ഉടനെ യൂത്ത് കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്’- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ