വിദേശ വനിതയോട് അപമര്യാദയായി പെരുമാറി പ്രായപൂർത്തിയാകാത്ത പയ്യൻ ; സംഭവം ശംഖുംമുഖം ബീച്ചിൽ

ശംഖുംമുഖം: വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ കേസെടുത്തു. ഫ്രാൻസ് സ്വദേശിനി ഡൊമനിക്ക് പെരേരയ്ക്കു നേരെയാണ് പ്രായപൂർത്തിയാകാത്ത പയ്യന്റെ അപമര്യാതയായ പെരുമാറ്റം ഉണ്ടായത്. ശംഖുംമുഖം ബീച്ചിൽ ഇന്നലെ വൈകിട്ട് സുഹൃത്തിനൊപ്പമാണ് ഫ്രാൻസ് സ്വദേശിനി എത്തിയത്.

ഏറെനേരം സുഹൃത്തിനൊപ്പം കാഴ്ചകൾകണ്ടു നടക്കുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പ്രതി അവിടെയെത്തിയത്. വിദേശ വനിതയുടെ പിന്നാലെ കൂടിയ പ്രതി ഒപ്പം നിന്ന് സെൽഫി എടുക്കട്ടേയെന്ന് ചോദിച്ചു. അവർ അനുവദിച്ചതോടെ ഒന്നിലധികം ഫോട്ടോകൾ പകർത്തിയ പ്രതി അവസാന സെൽഫി എടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറുകയായിരുന്നു.

ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവർ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചുനിറുത്തി. സംഭവത്തിൽ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യുവതിയെ വലിയതുറ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതി വാങ്ങി.