ഹോ, മേത്തച്ചിമാര്‍ക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരന്‍ ഇന്നും ബ്ലോക്ക് ലിസ്റ്റിലാണ്, ഫൗസിയ പറയുന്നു

പലപ്പോഴും ജാതിയുടെയും മതത്തിന്റെയും പേരില്‍ പലര്‍ക്കും പല ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. സ്വന്തം മാതാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുമണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫൗസിയ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫൗസിയ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് പറഞ്ഞത്.

മോള് ഉക്രയിനിലെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അവളുടെ വിശേഷം ചോദിച്ച് വിളിച്ച ചില ബന്ധുക്കള്‍ എന്നെ നന്നായി ഉപദേശിച്ചു. ഇനിയെങ്കിലും നീ പടച്ചവനോട് അടുക്കണം, ഭക്തിയോടെ വേണം എന്തും ചെയ്യാന്‍, എപ്പോഴും പടച്ചവനിലേക്കുള്ള ദൂരം കുറക്കാന്‍ ശ്രമിക്കണം എന്നൊക്കെ, മോള് യുദ്ധഭൂമിയില്‍ നിന്ന് വരാന്‍ കഷ്ടപ്പെട്ടതും ഞാനിവിടെ ശ്വാസം പോലുമില്ലാതെ പിടഞ്ഞിരുന്നതും ആ അകലം കൂടുതലായതുകൊണ്ടാണത്രേ…

നിങ്ങളൊക്കെ അവിടെയെത്തിയല്ലോ, സമാധാനായി…. ഞാന്‍ വിറക് കൊള്ളിയായിക്കൊള്ളാമെന്ന് നേരത്തെ തന്നെ പടച്ചവനോട് പറഞ്ഞു പോയി. വിറക് ആകാനും കുറച്ച് പേര് വേണോലോ എന്ന് ചിരിയോടെ പറഞ്ഞ് മനസ്സില്‍ പല്ലിറുമ്മി ഞാന്‍ ഫോണ്‍ വെച്ചു. അമൃത വിദ്യാലയത്തിലാണ് മോളെ ആദ്യം ചേര്‍ത്തത്. ഡാന്‍സ് കളിക്കാന്‍ ഒരു പാട് ഇഷ്ടമുള്ള കുട്ടിയാണവള്‍.. സ്‌കൂള്‍ ആനിവേഴ്‌സറി വന്നപ്പോള്‍ മോളെയൊന്നും ഡാന്‍സിന് പരിഗണിച്ചില്ല. അതെന്താ എന്ന് മോളോട് ചോദിച്ചപ്പോള്‍ നിങ്ങളുടെ കൂട്ടര്‍ക്ക് ഡാന്‍സൊന്നും അറിയാന്‍ വഴിയില്ല, സമയം കളയാന്‍ വയ്യെന്ന് ടീച്ചര്‍ പറഞ്ഞത്രേ… ആ ടീച്ചറോട് ദേഷ്യത്തില്‍ എന്തൊക്കെ പറഞ്ഞു എന്ന് എനിക്കിന്നും ഓര്‍മ്മയില്ല.പിറ്റേ ദിവസം തന്നെ ടി.സി വാങ്ങി വേറെ സ്‌കൂളില്‍ ചേര്‍ത്തു. എല്ലാ പ്രോഗ്രാമുകള്‍ക്കും മോള് പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.

ഞാന്‍ പാട്ട് പഠിക്കാന്‍ ചേര്‍ന്നപ്പോഴും ഹോ, മേത്തച്ചിമാര്‍ക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരന്‍ ഇന്നും Block ലിസ്റ്റിലാണ്. ആ വാശിക്ക് കല്യാണത്തിന് ശേഷം മുടങ്ങിയ ഭരതനാട്യം വീണ്ടും ഉഷാറാക്കി. ജാതി തിരിച്ചറിയാത്ത പേരുള്ള ഭര്‍ത്താവുള്ളതിന്റെ പേരില്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട പെണ്ണാണ് ഞാന്‍.. പക്ഷെ ആ തെറ്റിദ്ധാരണ നന്നായി ആസ്വദിച്ചിട്ടുണ്ട് ഞങ്ങള്‍..കഥകളൊക്കെ മെനഞ്ഞുണ്ടാക്കി അതുറപ്പിക്കാന്‍ ചിലരൊക്കെ മുന്‍പില്‍ വരും.. വീട്ടുകാരുമായി ഇപ്പോഴും സഹകരണം ഉണ്ടോ?അന്നൊളിച്ചോടിയാണോ കല്യാണം കഴിച്ചത്?മോളുണ്ടായപ്പോഴാണോ പ്രശ്‌നങ്ങള്‍ തീര്‍ന്നത് ?മോളെ ഏത് വിശ്വാസത്തിലാണ് വളര്‍ത്തുന്നത്?തുടങ്ങി മുന്പിലെത്തുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം പകരാന്‍ അനില്‍ വീണ്ടും കഥകളുണ്ടാക്കും.അവസാനം ആ സത്യവും പറയും.മക്കളെ പേരിലൂടെ ആരും ജാതി തിരിച്ചറിഞ്ഞ് സ്‌നേഹിക്കണ്ട എന്ന വാശിയുള്ള ഒരു മനുഷ്യസ്‌നേഹിയുടെ മകനാണ് താനെന്ന് ..

ഫൗസിയ എന്ന പേരും എന്റെ രൂപവും ഒത്തുനോക്കി അനില്‍ ജാതി മാറ്റിയത് കൊണ്ടാണെന്ന് അടക്കം പറഞ്ഞത് കേട്ട് സങ്കടം തോന്നിയിട്ടുണ്ട്.. ചിലപ്പോഴെങ്കിലും സന്തോഷവും.. ഫൗസിയ അനില്‍ എന്ന് പറഞ്ഞാല്‍ പല ആരാധനാലയങ്ങളുടെ വാതിലുകളും തുറക്കും. എന്റെ പേര് കേട്ട് അടയാളങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ചുഴിഞ്ഞു നോക്കുന്നവരുടെ നോട്ടം അസഹനീയവുമാണ്.. അടയാളങ്ങളില്ലെങ്കിലും ദൈവവിശ്വാസമുണ്ടെനിക്ക് എന്ന് ആരെയും ബോധ്യപെടുത്താറുമില്ല.അടയാളങ്ങള്‍ ഇല്ലെങ്കിലും ദൈവസാന്നിധ്യം പലപ്പോഴും താങ്ങായിട്ടുമുണ്ട്. പേരിലും രൂപത്തിലും അടയാളം ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം മതത്തില്‍ പെട്ടവര്‍ ആശ്രയിക്കാത്ത വക്കീലന്മാരും ഡോക്ടര്‍മാരും എനിക്ക് സുഹൃത്തുക്കളായുണ്ട്. അവരൊക്കെ അതിനെ കുറിച്ച് വിഷമത്തോടെ പറഞ്ഞു കേള്‍ക്കുമ്പോള്‍ സങ്കടമാണ് തോന്നുക.എത്ര പുരോഗമനം പറഞ്ഞാലും. നീ തന്നെ സത്യം ജ്ഞാനമാനന്ദം… ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്… മഹാഗുരുവിന്റെ മഹത് വചനങ്ങള്‍.. എന്നാണാവോ ഈ വാക്കുകള്‍ നമ്മള്‍ നെഞ്ചിലേറ്റുക.