ഗുണ്ടകളും മാഫിയകളുമായി സൗഹൃദം; സിവിൽ പോലീസ് ഓഫീസർക്കെതിരെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി

തിരുവനന്തപുരം. ഗുണ്ടകളും മാഫിയകളുമായി സൗഹൃദം സ്ഥാപിച്ച് ഇൻസ്‌പെക്ടർമാരെപ്പോലും അപ്രസക്തരാക്കി സ്റ്റേഷനുകൾ ഭരിച്ചിരുന്ന തിരുവനന്തപുരം റൂറലിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ ഇന്റലിജൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകൾ അടക്കിഭരിച്ചിരുന്ന ഈ പോലീസുകാരനെ അടുത്തിടെ നഗരൂർ സ്റ്റേഷനിലേക്ക് മാറ്റി.

ജില്ലയിൽ ഏറ്റവുമധികം ക്വാറികളുള്ളത് ഈ സ്റ്റേഷൻ പരിധിയിലാണ്. അവിടെയും യഥേഷ്ടം അഴിമതിയും ഗുണ്ടാ, മാഫിയ, റിയൽ എസ്റ്റേറ്റ് ബന്ധവും തുടരുകയാണ് ഇയാൾ. രണ്ടുവർഷം മുൻപ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളെ പിരിച്ചുവിടാൻ ശുപാർശ നൽകിയിരുന്നതാണെങ്കിലും പൊലീസ് സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ ആ റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.

ഇയാൾ ഡ്യൂട്ടിക്ക് കാക്കിയിടാതെയാണ് എത്തുക. മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകളിലുണ്ടായിരുന്നപ്പോൾ ജിഡി ചാർജിനടുത്തായി കസേരയിട്ട് ഇരിക്കും. സ്റ്റേഷനിലെത്തുന്നവരെല്ലാം ഇയാളെ കാര്യങ്ങൾ ബോധിപ്പിക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ പരാതികൾ ഒതുക്കാനും കൈക്കൂലി ഇടപാടിനും ഇയാൾ ഉപയോഗിക്കും. ഈ സ്റ്റേഷനുകളിൽ സമാന്തര എസ്എച്ച്ഒ ആയാണ് പോലീസുകാരൻ പ്രവർത്തിച്ചിരുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

ഇയാളുടെ വഴിവിട്ട പ്രവൃത്തികൾ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ റൂറൽ എസ്പി ഇയാളെ മംഗലപുരത്തു നിന്ന് തൊട്ടടുത്തെ പോത്തൻകോട് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ രണ്ട് സ്റ്റേഷനുകളിലും ഇയാളുടെ ഭരണം തുടങ്ങി. കാൽവെട്ട് കേസിലെ പ്രതി ഒട്ടകം രാജേഷുമായും റിയൽ എസ്റ്റേറ്റ് മാഫിയകളുമായും ബന്ധം കണ്ടെത്തി മലയിൻകീഴ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും അവിടെയും സംരക്ഷണത്തിന് ആളുണ്ടായി. അടുത്തിടെയാണ് നഗരൂർ സ്റ്റേഷനിലേക്ക് മാറ്റിയത്.