വീട്ടുകാരെ ബന്ദികളാക്കി വീടിന്റെ മതിലും ഗേറ്റും പൊളിച്ചു, സിപിഎം പ്രവർത്തകർക്കെതിരെ പരാതി

കണ്ണൂർ: വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകർ വീടിന്റെ മതിലും ഗേറ്റും പൊളിച്ചെന്ന് പരാതി. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. റോഡ് നവീകരണത്തിന് സ്ഥലം നല്കിയത് കുറഞ്ഞുപോയി എന്ന് ആരോപിച്ച് വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു ആക്രമണം.

മതിലും ​ഗേറ്റും അർദ്ധരാത്രി മണ്ണുമാന്തി യന്ത്രം ഉപയോ​ഗിച്ച് പൊളിക്കുകയായിരുന്നു. കമ്പി കൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു ക്രൂരത. മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുള്ള റോഡരികിലാണ് ഹാജിറയുടെ വീട്.

കഴിഞ്ഞ രാത്രിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്ദം കേട്ടാണ് കുടുംബം ഉണർന്നത്. എന്നാൽ പുറത്തേക്ക് ഇറങ്ങാൻ കുടുബാം​ഗങ്ങൾക്ക് കഴിഞ്ഞില്ല. വീട്ടിലെ മൂന്ന് ​ഗ്രില്ലുകൾ കമ്പി കഷ്ണം കൊണ്ട് പൂട്ടിയ നിലയിലായിരുന്നു. കിണറിന് മുകളിലുള്ള ​ഗ്രില്ലുകൾ വരെ തകർത്ത നിലയിലാണെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഹാജിറ പറഞ്ഞു