ആലുവയിൽ പെൺകുട്ടിയെ കാണാതായ സംഭവം, ആണ്‍ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും

കൊച്ചി: ആലുവയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ഗുരുതര വകുപ്പുകള്‍ ചുമത്തുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടിയിലേക്കും കടക്കും

ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കാണാതായി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പന്ത്രണ്ട് വയസുകാരിയെ ഇന്നലെ കണ്ടെത്തിയത്. ഇരുവരും ബംഗാള്‍ സ്വദേശികളാണ്.

രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊൽക്കത്തയിലേക്ക് പോകാൻ കുട്ടി സുഹൃത്തിന്‍റെ സഹായം തേടിയിരുന്നു.
അതിനിടെ രക്ഷിതാക്കള്‍ പരാതി കൊടുക്കുന്നതിന് മുന്‍പായി തന്നെ പെണ്‍കുട്ടി തന്നോടൊപ്പം ഉണ്ടെന്ന് സുഹൃത്ത് മാതാവിന്റെ ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

സുഹൃത്ത് വിളിച്ച മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് അങ്കമാലിയില്‍ എത്തിയത്. ഒരു മാസം മുമ്പാണ് പെണ്‍കുട്ടി ബംഗാളില്‍ നിന്നും ആലുവയില്‍ എത്തിയത്. ഇവിടെ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കൊല്‍ക്കത്തിയിലേക്ക് തിരിച്ചുപോകാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നാണ് വിവരം.