മുടികൊഴിച്ചിൽ മരുന്നു കഴിച്ചിട്ടും മാറിയില്ല, യുവാവ് ജീവനൊടുക്കി

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി, ചികിൽസിച്ചു ഡോക്ടർക്കെതിരെ കുറിപ്പും എഴുതി വെച്ചാണ് ആത്മഹത്യ. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്താകുന്നത്

ആത്മഹത്യാക്കുറിപ്പിൽ മുടികൊഴിച്ചിൽ മാറാൻ 2014 മുതൽ മരുന്ന് കഴിക്കുന്നതായി കത്തിൽ പറയുന്നു. ചെറിയ മുടി കൊഴിച്ചിലുമായാണ് യുവാവ് ആദ്യം ക്ലിനിക്കിനെ സമീപിച്ചിരുന്നത്. മരുന്ന് നൽകിയപ്പോൾ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ മൂക്കിലെ രോമങ്ങൾ മുതൽ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്. പരാതിപ്പെട്ടിട്ടും ഡോക്ടറുടെ സമീപനം ശരിയല്ലെന്നാണ് കുടുംബം ആരോപിക്കുന്നു. പലതവണ ഡോക്ടറെ കണ്ടെങ്കിലും മരുന്ന് നൽകി മടക്കി അയച്ചു. ഇനി ഇത് ശരിയാവുമെന്ന് പ്രതീക്ഷയില്ല. അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്.

മുടികൊഴിച്ചിൽ കാരണം വിവാഹ ആലോചനകൾ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതബോധം കാരണം ആളുകൾ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെങ്കിലും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം പറയുന്നു. ഡോ. റഫീക്കിനെതിരെയാണ് പരാതി. പ്രഥമ ദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി പോലീസ് പറയുന്നു.

അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തു. കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി. ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടും കഴിച്ചു. ഒരു ഫലവും കണ്ടില്ല. 2020 വരെ ചികിത്സ തേടിയിട്ടുണ്ട്. തുടർന്നാണ് മനംനൊന്ത് പ്രശാന്ത് ആത്മഹത്യ ചെയ്തത്.

രോഗം ആരുടെയും തെറ്റല്ല. വിഷാദരോഗം കാരണം ആത്മഹത്യാ പ്രവണത ഉണ്ടാവാം. അപകർഷതാബോധം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിച്ച അവസ്ഥ, അകാരണമായ കുറ്റബോധം, സ്വയം മതിപ്പില്ലായ്മ തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. ജീവിക്കാനായി ഒരു കാരണം പോലും ഇല്ലെന്ന അവസ്ഥ വന്നാൽ മരണമാണ് ഭേദം എന്നു തോന്നിയേക്കാം. ജീവിതത്തിൽ പണത്തിന്റെയോ മറ്റു സുഖ സൗകര്യങ്ങളുടെയോ കുറവില്ലെങ്കിൽ പിന്നെ എങ്ങനെയാണ് വിഷാദരോഗം വരുന്നതെന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. ” ഇവർക്കൊക്കെ എന്തിന്റെ കുറവുണ്ടായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് ” എന്നാണ് സ്ഥിരം ചോദ്യം .എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. ” അകാരണമായ വിഷാദം ” വരുമ്പോഴാണ് അത് രോഗമാകുന്നത്. അതായത് വിഷമിക്കാൻ കാരണങ്ങൾ വേണ്ട എന്നർത്ഥം. ഈ രോഗമുള്ള ഒരാൾക്ക് സ്വന്തം പരിശ്രമം കൊണ്ടു മാത്രം മനസ്സിനെ പഴയ രീതിയിൽ കൊണ്ടു വരാൻ കഴിയില്ല .അതിന് ചികിത്സ കൂടിയേ തീരൂ