പീഡന പരാതി ലഭിച്ചിട്ടില്ല; പരാതിയുണ്ടെങ്കില്‍ ഇനിയും നല്‍കാം

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നടത്തിയ ചിന്തന്‍ ശിബരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. പരാതി ഉണ്ടെങ്കില്‍ പെണ്‍കുട്ടിക്ക് പരാതി ഇനിയും നല്‍കാമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

യുവതി ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയിലും പീഡന പരാമര്‍ശമില്ല. ഇക്കാര്യത്തില്‍ എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പീഡന പരാതി ലഭിച്ചിട്ടും പരാതി മറച്ച് വയ്ക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പില്‍ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്.

പരാതിക്കാരിയോട് താന്‍ സംസാരിച്ചിട്ടില്ല അങ്ങനെ പോലും ഒരു സംശയം ഉണ്ടാക്കരുത്. പരാതി എപ്പോള്‍ വേണമെങ്കിലും നല്‍കാം. പരാതി ലഭിച്ചാല്‍ നിയമ സഹായവും മാനസിക പിന്തുണയും യുതിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിക്ക് പോലീസിനെയോ പാര്‍ട്ടി ഘടകങ്ങളെയോ പരാതിയുമായി സമീപിക്കാം. പരാതി ലഭിച്ചാല്‍ പോലീസിന് പരാതി കൈമാറും.

ക്യാമ്പിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വഹക സമിതി അംഗം വിവേക് നായര്‍ വനിത പ്രവര്‍ത്തകയെ പാഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.