ഇടതുപക്ഷ സര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി

സംസ്ഥാനത്ത് സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു പുറത്തെത്തിയത്. തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഫിലിം ചേംബര്‍, തിയേറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിന് ഒടുവിലാണ് സര്‍ക്കാര്‍ സെക്കന്‍ഡ് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

സിനിമകള്‍ക്ക് നല്‍കുന്നത് പോലെ പരിഗണന നാടകങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും, നാടകങ്ങള്‍ക്ക് വേദിയനുവദിക്കുന്നില്ലെന്നും പറഞ്ഞാണ് ഹരീഷിന്റെ വിമര്‍ശനം. സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. രണ്ടാംതരം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷ സര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റ് ഇങ്ങനെ,

സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..IFFK നടന്നു. ITFOK നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫിലിം ചേംബര്‍, തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി നല്‍കിയത്. നേരത്തെ സിനിമാ സംഘടനകള്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ വന്‍ നഷ്ടത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. സെക്കന്‍ഡ് ഷോയില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണെന്നും, തിയേറ്ററുകള്‍ പൂട്ടുകയാണെന്നും പറഞ്ഞിരുന്നു.