ജോയേട്ടന് ധീരതയുടെ അഭിവാദ്യങ്ങൾ, നാളെ ഓർമിക്കപ്പെടുക ഈ 21 വോട്ടുകളായിരിക്കും- ഹരീഷ് പേരടി

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരാജയം. 72ൽ 50 വോട്ട് നേടിയാണ് എതിർസ്ഥാനാർത്ഥിയായ ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. 21 വോട്ടുകളാണ് ജോയ് മാത്യുവിന് ലഭിച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് നടൻ ഹരീഷ് പേരടിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നാളെ സിനിമയുടെ സംഘടനാ ചരിത്രത്തിൽ വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന് ആശംസകൾ നേർന്നതിനൊപ്പം തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും ജനാധിപത്യത്തിന്റെ പ്രതലമൊരുക്കാൻ തന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ചങ്കൂറ്റം കാണിച്ച ജോയ് മാത്യുവിനെയും അദ്ദേഹം അഭിനന്ദിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

തിരഞ്ഞെടുപ്പിൽ ജയിച്ച ബാലേട്ടന് ആശംസകൾ..അതേ സമയം നാമനിർദ്ദേശം എന്ന ഏറാൻ മൂളിത്തരത്തിൽ നിന്ന്,ഒരു കേന്ദ്രീകൃത മൃഗീയ ഭൂരിപക്ഷത്തിന്റെ അടിമത്വത്തിൽ നിന്ന്..തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും ജനാധിപത്യത്തിന്റെ പ്രതലമൊരുക്കാൻ തന്റെ സ്ഥാനാർഥിത്വം കൊണ്ട് ചങ്കൂറ്റം കാണിച്ച ജോയേട്ടന് ധീരതയുടെ അഭിവാദ്യങ്ങൾ …നാളെ സിനിമയുടെ സംഘടനാ ചരിത്രത്തിൽ വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും…ജനാധിപത്യ സലാം..