ആക്രമണം നടന്നപ്പോൾ പോലീസ് പുറത്തേയ്ക്ക് ഓടി കതക് അടച്ചു , ഡോക്ടര്‍മാര്‍ക്കും വീഴ്ച, ഡോ. വന്ദനയുടെ കൊലപാതകത്തിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഹൗസ് സര്‍ജന്മാരെക്കൂടാതെ മറ്റു രണ്ട് ഡോക്ടര്‍മാരെയം സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിച്ചിരുന്ന സമയത്ത് രണ്ട് ഡോക്ടര്‍മാരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനും വീഴ്ച സംഭവിച്ചു. പ്രതി ആക്രമിക്കുന്നതിനിടെ പോലീസ് പുറത്തേക്കോടി. തുടര്‍ന്ന് കതക് പുറത്തുനിന്ന് അടക്കുകയും ചെയ്തു. ഇത് ആക്രമണം രൂക്ഷമാകുന്നതിന് ഇടയാക്കിയെന്നും ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ. സാജന്‍ മാത്യൂ ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഹൗസ് സര്‍ജന്മാരുടെ കൂടെ നിയോഗിച്ചിരുന്ന മറ്റു രണ്ട് ഡോക്ടര്‍മാര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. പോലീസിന്റെ ഭാഗത്ത് കനത്ത സുരക്ഷാ വീഴ്ചയുണ്ടായി ഇതാണ് ആശുപത്രിയിൽ ഉണ്ടായ ആക്രമണം ഒരു ഡോക്ടറുടെ മരണത്തിൽ കലാശിച്ചത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്ന നിര്‍ദേശവും റിപ്പോർട്ട് മുന്നോട്ടിൽ മുന്നോട്ടുവയ്ക്കുന്നു.