ഇസ്ലാമിക മതപഠനകേന്ദ്രത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം. ഇസ്ലാമിക മതപഠന കേന്ദ്രമായ അല്‍ അമാന്‍ മദ്രസയില്‍ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലെയും ഇതേ വളപ്പില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മദ്രസ മതപഠനശാലയിലെയും അഞ്ച് ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്.

ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോയപ്പോള്‍ തിരിച്ചുവരില്ലെന്ന് അസ്മിയ പറഞ്ഞുവെന്ന് ചില കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇടമക്കുഴി ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അസ്മിയ. ശനിയാഴ്ച വൈകിട്ടാണ് അസ്മിയ മത പഠന കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ താമസിച്ച് പഠിക്കുകയാണ് അസ്മിയ.

എല്ലാ വെള്ളിയാഴ്ചയും അസ്മിയ വീട്ടില്‍ വിളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച അസ്മിയ വീട്ടിലേക്ക് വിളിച്ചില്ല. തുടര്‍ന്ന് മാതാവ് മതപഠന കേന്ദ്രത്തിലേക്ക് വിളിച്ചു. ഉമ്മ എന്നെ കൂട്ടിക്കൊണ്ടു പോകണേ എന്ന് അസ്മിയ ആവശ്യപ്പെട്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഒന്നരമണിക്കൂറിന് ശേഷം മകളെ കൂട്ടിക്കൊണ്ട് പോകുവാന്‍ അസ്മിയയുടെ മാതാപിതാക്കള്‍ എത്തിയെങ്കിലും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.