കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ പലഭാഗത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിലും കാനകളിലും വെള്ളം നിറഞ്ഞു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.

മഴയില്‍ ഇടറോഡുകളിലാണ് കൂടുതലായി വെള്ളംകയറിയത്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ ആദ്യമഴയില്‍ത്തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ ഉണ്ടായത്.

കാനകളില്‍കൂടി വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണുള്ളത്. വെള്ളം പൊങ്ങിയതോടെ കാനയും റോഡും തിരിച്ചറിയാന്‍ കഴിയാതെയായി. എം.ജി. റോഡിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനിടെയുണ്ടായ വെള്ളക്കെട്ട് വലിയ ആശങ്കയും ഉയർത്തുന്നുണ്ട്.