കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം. സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഈ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറിനിടെ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മെയ് മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗമേറിയ കാറ്റിനും സാധ്യതയുണ്ടെന്നാണ്

ഇന്നലെ തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലും കൊടുങ്ങല്ലൂരിലും 8 സെന്റീമീറ്ററും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ 7 സെന്റീമീറ്ററും മഴ ലഭിച്ചു. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്കു കാരണമായത്. ചക്രവാതച്ചുഴിയില്‍ നിന്നു ഛത്തീസ്ഗഡ് വരെ ന്യൂനമര്‍ദപ്പാത്തിയും നിലനില്‍ക്കുന്നുണ്ട്.