പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ എന്നതാണ് കെടിഡിഎഫ്സിയുടെ നിലപാട്, അത് ഇവിടെ നടക്കില്ല, രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം. പണം നിക്ഷേപിച്ചവർ കാലുപിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ നൽകും എന്നാണ് കെടിഡിഎഫ്സിയുടെ നിലപാട് രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇത്തരം വാദങ്ങൾ ഇവിടെ നടക്കില്ലെന്ന് കോടതി പറഞ്ഞു. നിക്ഷേപകർക്ക് വേണ്ടത് ദയയല്ല ,അവർ നിക്ഷേപിച്ച പണമാണ്.രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതിയുടെ നിർദ്ദേശം

സംസ്ഥാനത്തിന്റെ ഗ്യാരണ്ടിയിലാണ് നിക്ഷേപകർ പണം നൽകിയത്. അല്ലെങ്കിൽ ആരെങ്കിലും കെടിഡിഎഫ്സിയിൽ പണം നിക്ഷേപിക്കുമോ എന്നും കോടതി ചോദിച്ചു.
കോടതി ആവശ്യപ്പെട്ട് 20 ദിവസമായിട്ടും പണം തിരികെ നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. സമയം നൽകിയിട്ടും പ്രതികരിച്ചില്ലെന്നും കോടതി വിമർശിച്ചു.

അതേസമയം 580 കോടിയോളം രൂപയാണ് ഈ ധനകാര്യസ്ഥാപനത്തില്‍ പൊതുജന നിക്ഷേപമായുള്ളത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികള്‍ സ്ഥിരനിക്ഷേപമിട്ടവര്‍ ഇപ്പോൾ കുടുങ്ങിയ അവസ്ഥയിലാണ്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും ആര്‍ക്കും തന്നെ പണം തിരിച്ചുനല്‍കാന്‍ കെടിഡിഎഫ്സിക്ക് പറ്റുന്നില്ല.

കൂടാതെ ജീവനക്കാർക്ക് ശമ്പളം നൽകാനും വരുമാനമില്ലാതെയായി. കെടിഡിഎഫ്സി കൈമലര്‍ത്തിയതോടെ വന്‍കിട നിക്ഷേപകര്‍ സര്‍ക്കാരിനെ സമീപിച്ചു. എന്നാൽ ഗതാഗതമന്ത്രി ആന്‍റണി രാജുവും തിരിഞ്ഞുനോക്കാതെയായെന്നാണ് ഉയരുന്ന വിമർശനം.