നെടുങ്കണ്ടം ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ വൻ തട്ടിപ്പ്, ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ ബാങ്ക് മാനേജർ തട്ടി

ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ഭരണ സമിതിയുടെ പരാതിയിൽ മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശാഖ് മോഹനെതിരെ കുമളി പൊലീസ് കേസെടുത്തു. നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിക്ക് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

2021 മുതൽ 24 വരെ കുമളി ശാഖയിലെ മാനേജരായിരുന്നപ്പോഴാണ് വൈശാഖ് ഒരു കോടി നാൽപ്പത്തി ഒൻപതിനായിരം രൂപ തട്ടിയെടുത്തത്. വൈശാഖിന്റെയും സുഹൃത്തുക്കളുടെയും പേരിൽ വായ്പ അനുവദിച്ചും പലരുടെയും നിക്ഷേപതുകകളിൽ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തത്. വായ്പ തിരിച്ചടയ്‌ക്കാൻ നൽകിയ തുക മരിച്ച വ്യക്തിക്ക് ചിട്ടിപ്പണമായി നൽകിയെന്ന് കാണിച്ചും ഇയാൾ വ്യാജരേഖയുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.

കുമളിക്ക് പുറമെ കട്ടപ്പന ബ്രാഞ്ചിലും കുറച്ചുകാലം ഇയാൾ ബാങ്ക് മാനേജരായി പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് ബാങ്കിൽ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്തതായി പുതിയ ഭരണസമിതി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈശാഖാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞത്. തട്ടിപ്പ് നടത്തിയതായി വൈശാഖ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസം മുമ്പ് അധികാരത്തിലെത്തിയ ഭരണസമിതി നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തിയത്.