മാല മോഷണ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാതാവ് ജീവനൊടുക്കി, ഒന്നുമറിയാതെ മകൻ ടിവി കണ്ടിരുന്നു

ഉപ്പുതറ: ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് കണ്ട് താങ്ങാനാകാതെ വന്ന ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. മാല മോഷണ കേസിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാതാവ് മുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. അയ്യപ്പൻകോവിൽ ആലടിയിൽ വാടകയ്ക്കു താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടിൽ സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഭാര്യ ബിന്ദു(40) വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിൽ പൊൻകുന്നം പൊലീസ് ബിന്ദുവിന്റെ ഭർത്താവ് സജുവിനെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയിൽ എത്തിച്ചിരുന്നു. പൊലീസ് പോയ ഉടൻ മകനെ ടിവി കാണാൻ ഇരുത്തി ബിന്ദു മുറിക്കുള്ളിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും അമ്മ പുറത്തിറങ്ങാതെ വന്നതോടെ മകൻ അയൽവീട്ടിലെത്തി വിവരം പറയുകയായിരുന്നു. അയൽവാസികളാണ് തൂങ്ങി മരിച്ച നിലയിൽ ബിന്ദുവിനെ കണ്ടെത്തിയത്.

മരണ വിവരം അറിയിക്കാതെ സമീപത്തെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായെന്ന് കരുതുന്ന ഇവരുടെ ബന്ധുക്കൾ ആരും എത്താതിരുന്നതിനെ തുടർന്നാണ് ചൈൽഡ് ലൈൻ ഏറ്റെടുത്തത്. സംസ്‌കാരത്തിനുശേഷം മകനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കോവിഡ് പരിശോധനയ്ക്കുശേഷം ബിന്ദുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന സജുവിനെ മൃതദേഹം കാണിക്കും.