അതിർത്തിയിൽ ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ അതിര്‍ത്തിപ്രദേശത്ത് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡിസംബര്‍ 9-ന് സംഘര്‍ഷമുണ്ടായതായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. വിഡിയോയിൽ അതിർത്തിയിൽ ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേനയെയാണ് കാണാനാകുന്നത്.

ഈ വീഡിയോ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിന്റേതല്ലെന്നും ഇത് പഴയ വീഡിയോ ആണെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. വീഡിയോയിൽ ഇന്ത്യയുടെ പ്രദേശത്തേക്ക് അനധികൃതമായി കടന്നുകയറാന്‍ ശ്രമിക്കുന്ന ശത്രുസൈനികരെ ബാറ്റണുകളും വടികളും ഉപയോഗിച്ച് തുരത്തുകയാണ് ഇന്ത്യന്‍ സൈനികര്‍. “അടിച്ചോടിക്ക്, ഇനി ഇങ്ങോട്ട് തിരിച്ചുവരരുത്”, എന്ന് പഞ്ചാബിയില്‍ സൈനികര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.