ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ ഇളവില്ല; ബ്രിട്ടനെതിരെ പ്രതിഷേധം

ലണ്ടന്‍ : എളുപ്പത്തില്‍ വിസ ലഭ്യമാകുന്ന പട്ടികയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര്‍ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയിരിക്കുന്നത്. അമേരിക്ക, കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയര്‍ നാല് വിസ പട്ടികയില്‍ മുന്‍പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന, ബഹ്‌റിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളെയും ഇക്കുറി ഉള്‍പ്പെടുത്തി.

എന്നാല്‍, ബ്രിട്ടനുമായി മികച്ച സഹകരണം പുലര്‍ത്തുന്ന ഇന്ത്യയെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ബ്രിട്ടനിലേയ്ക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയും അമേരിക്കയുമാണ് രണ്ടാം സ്ഥാനത്ത്. പ്രത്യേക പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പല ഇളവുകളും ലഭിക്കും.

വിദ്യാഭ്യാസപരവും സാമ്പത്തികപരവും ഇംഗ്ലീഷ് നിപുണതയും സംബന്ധിച്ച വലിയ നിബന്ധനകള്‍ ഈ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരില്ല. എന്നാല്‍, പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ കടമ്പ പ്രയാസമേറിയതാകും. പട്ടികയില്‍ നിന്നും ഒഴിവാക്കിയതോടെ ബ്രിട്ടന്‍ ഇന്ത്യയെ അപമാനിക്കുകയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.