ആ നടിമാരെ ഒരിക്കലും താൻ കുറ്റം പറയില്ല, ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ- ഇന്ദ്രൻസ്

നർമ്മം നിറഞ്ഞ ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. ആദ്യകാലങ്ങളിൽ ഇത്തരത്തിൽ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങൾ അഭിനയിക്കുകയും അത് എല്ലാവരും സ്വീകരിക്കുകയും ചെയ്തതോടെ ഇന്ദ്രൻസ് എന്ന താരം നമ്മുക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു നടനായി മാറി. പിന്നീട് സ്ഥിരമായുള്ള കോമഡി വേഷം കൂടാതെ ശക്തമായ കഥാപാത്രങ്ങൾ ഈ നടൻ അഭിനയിച്ച് നമ്മളെ അദ്ഭുതപ്പെടുത്തി. എല്ലാവരോടും വളരെ വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഈ മനുഷ്യനെ ഇന്ന് ഏവർക്കും ഒരുപാട് ഇഷ്ടമാണ്.

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹോം ‘. ഓ​ഗസ്റ്റ് 19ന് ആമസോൺ പ്രൈമിലാണ്  ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ എആർ മുരുഗദോസ് ഉൾപ്പെടെ നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നാൽപ്പതുവർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രൻസ് എന്ന നടനെ വേറൊരു കളറിലാണ് സിനിമയിൽ കാണുന്നത്.

ഇപ്പോളിതാ താൻ നായകൻ ആണെന്ന് അറിയുമ്പോൾ നടിമാർ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചിരുന്നതിനെ കുറിച്ച്‌ തുറന്നുപറയുകയാണ് ഇന്ദ്രൻസ്. ആ നടിമാരെ ഒരിക്കലും താൻ കുറ്റം പറയില്ല, ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ എന്നാണ് ഇന്ദ്രൻസ് പറയുന്നത്. വാക്കുകൾ,

താനാണ് നായകനെന്ന് അറിഞ്ഞപ്പോൾ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ?ഓരോരുത്തർക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജിൽ വെച്ച്‌ ഷാരൂഖ് ഖാൻ എടുത്തുയർത്തി എന്നു പറയാനാണോ ഇന്ദ്രൻസ് എടുത്തുയർത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക.
ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും തനിക്ക് പുത്തരിയല്ല. ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്ന് മാറ്റിയ നിർത്തിയ അനുഭവമുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്ബോൾ വിഷമം തോന്നിയിട്ടുണ്ട്. പിന്നീടാണ് അതിന്റെ യാഥാർത്ഥ്യം തനിക്ക് മനസിലായത്.അതുവരെ കോമാളി കളിച്ച്‌ തലകുത്തി നിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും തന്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിൽ കയറി നിന്നാൽ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതു മനസിലാക്കിയതോടെ താൻ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി ഈ സീനിൽ താൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത്