ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യയെ ഉപയോഗിച്ച് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന ആരോപണം വേദനിപ്പിച്ചു, പരാതി നല്കി ജെയ്ക്കിന്റെ ഭാര്യ ​

കോട്ടയം∙ ​ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിൽ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു, പൊലീസിൽ പരാതി നൽകി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ്. എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്. ‘ഇതിൽ രാഷ്ട്രീയമില്ല. ഇതിലേക്ക് രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. വ്യക്തിപരമായി നമ്മൾ എന്തിനാണ് ഒരാളെ ആക്ഷേപിക്കുന്നത്? ഇതിൽ പാർട്ടി പറയേണ്ട കാര്യമില്ല, തിരഞ്ഞെടുപ്പിന്റെ കാര്യവും പറയേണ്ടതില്ല. ആർക്കെതിരെ വന്നാലും, എനിക്കെതിരെ വന്നാലും അവർക്കെതിരെ വന്നാലും അതു തെറ്റാണ്. അതു പൂർണമായിട്ടും തള്ളിക്കളയേണ്ട കാര്യമാണ്.’’– ഗീതു വ്യക്തമാക്കി.

ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ അവസ്ഥയിലും നേരിട്ടു വന്നു പരാതി നൽകേണ്ടി വന്നതെന്നും ഗീതു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞാൽ ഡെലിവറി ഡേറ്റാകും. ഇതുപോലെയുള്ള ആക്രമണങ്ങൾ ഒരു സ്ത്രീക്കെതിരെയും ഉണ്ടാകരുത്. വ്യക്തിപരമായി ആർക്കെതിരെയും ആക്രമണങ്ങൾ വരുന്നത് ശരിയല്ല. അതു നമ്മളെ മാനസികമായി ഒരുപാട് വേദനിപ്പിക്കും. എനിക്ക് ശരിക്കും സങ്കടം തോന്നി.’’

ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.

‘‘കഴിഞ്ഞ തവണ ജെയ്ക്ക് സ്ഥാനാർഥിയായപ്പോൾ നല്ല രീതിയിൽ പ്രചാരണത്തിന് ഇറങ്ങാൻ എനിക്ക് പറ്റിയിരുന്നു. കുറേയധികം ആൾക്കാരെ കണ്ടു, കുറേയധികം വീടുകൾ കയറി. പക്ഷേ, അന്നൊന്നും മാധ്യമങ്ങൾ ഇങ്ങനെ കവർ ചെയ്യാൻ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അതൊന്നും പുറത്താരും അറിയാതിരുന്നത്. പക്ഷേ ഇത്തവണ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഉപതിരഞ്ഞെടുപ്പ് വന്നു. ഞാൻ എട്ടു മാസം ഗർഭിണിയായ സമയത്താണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ജെയ്ക്ക് സ്ഥാനാർഥിയാകുന്നതും. സ്വാഭാവികമായും കഴിഞ്ഞ തവണ പോയതിന്റെ അത്രേം പോകാൻ പറ്റിയിട്ടില്ല. എന്റെ സ്വന്തം ഇഷ്ടത്തിനു വന്നതാണ്. ഇതിലേക്കു വരണമെന്ന് പറഞ്ഞ് ആരും വിളിച്ചിറക്കിയതല്ല. അതുകൊണ്ടാണ് അടുത്തുള്ള വീടുകളിൽ മാത്രമായി പ്രചാരണം ചുരുക്കിയത്.’’– ഗീതു കൂട്ടിച്ചേർത്തു.