ക്ഷേത്രം തകര്‍ത്താണ് ജാമിയ മസ്ജിദ് നിര്‍മ്മിച്ചത്; വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ബംഗളൂരു. ജാമിയ മസ്ജിദ് ഹിന്ദു ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്നും അതിനാല്‍ വിട്ട് തരണമെന്നും ആവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മസ്ജിദ് നിലനില്‍ക്കുന്നത് ക്ഷേത്ര ഭൂമിയില്‍ ആണെന്നതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും, അതിനാല്‍ മസ്ജിദ് ഒഴിഞ്ഞു നല്‍കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്.

മസ്ജിദിനുള്ളില്‍ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. അതുകൊണ്ട് തന്നെ മസ്ജിദ് എത്രയും വേഗം ഒഴിഞ്ഞു നല്‍കാന്‍ ഉത്തരവിടണം. മസ്ജിദ് നിലവില്‍ക്കുന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കണം. കല്യാണിയില്‍ സ്നാനം നടത്താന്‍ ഹിന്ദു വിശ്വാസികളെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ജ്ഞാന്‍വാപി മസ്ജിദില്‍ നടത്തിയതിന് സമാനമായ രീതിയില്‍ ജാമിയ മസ്ജിദിലും സര്‍വ്വേ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ബജ്രംഗ്ദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ മജ്ഞുനാഥ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതില്‍ 108 വിശ്വാസികള്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹര്‍ജിയ്ക്കൊപ്പം മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിനുള്ള ചില തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് ജാമിയ മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ബജ്‌റംഗ് ദള്‍ പറയുന്നത്.