ആര്‍.എല്‍.ഡി ഇൻഡ്യ സഖ്യം വിട്ടു,യു.പിയിലും തിരിച്ചടി

ബിഹാറിന് പിന്നാലെ ഉത്തര്‍പ്രദേശിലും ഇൻഡ്യ സഖ്യത്തിന് വന്‍ തിരിച്ചടി. സമാജ്‍വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി എൻ.ഡി.എയിൽ ചേരാൻ ഒരുങ്ങുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ.എൽ.ഡി ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കും. രണ്ട് ലോക്സഭ സീറ്റുകളിലായിരിക്കും ആർ.എൽ.ഡി മത്സരിക്കുക. ഒരു രാജ്യസഭ സീറ്റും ആർ.എൽ.ഡിക്ക് നൽകുമെന്നാണ് റിപ്പോ‍ട്ട്.

സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറൻ യു.പിയിലെ ചില മേഖലകളിൽ ആർ.എൽ.ഡിക്ക് സ്വാധീനമുണ്ട്. ജാട്ട് സമുദായത്തിന്റെ പിന്തുണയോടെ മേഖലയിൽ നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളിലാണ് യു.പിയിൽ ബി.ജെ.പി പരാജയപ്പെട്ടത്. ഇതിൽ ഏഴ് സീറ്റുകളും പടിഞ്ഞാറൻ യു.പിയിലായിരുന്നു. ഇൻഡ്യ സഖ്യത്തിൽ സീറ്റു പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണ് ആർ.എൽ.ഡി മുന്നണി വിടാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. ജെ.ഡി.യു.വിനു പിന്നാലെ ആര്‍.എല്‍.ഡി.കൂടി പോയാല്‍ പ്രതിപക്ഷത്തെ ഇൻഡ്യ സഖ്യത്തിന് കനത്ത തിരിച്ചടിയാവും. ജയന്ത് ചൗധരി വിദ്യാഭാസമുള്ള ആളാണെന്നും യു.പിയിലെ കർഷകർക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തെ അദ്ദേഹം ദുർബലപ്പെടുത്തില്ലെന്നുമായിരുന്നു ആർ.എൽ.ഡിയുടെ മുന്നണിമാറ്റം സംബന്ധിച്ച വാർത്ത​കളോടുള്ള അഖിലേഷ് യാദവിന്റെ പ്രതികരണം.