എന്തോന്ന് സംസ്‌കാരം, സ്വവര്‍ഗ്ഗരതിക്കാരും മനുഷ്യരാണ്..എന്നെയും നിങ്ങളെയും പോലെ, ജസ്ല മാടശ്ശേരി പറയുന്നു

സ്വവര്‍ഗ വിവാഹത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ബിഗ്‌ബോസ് താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ജസ്ല മാടശ്ശേരി. ഹിന്ദു വിവാഹ നിയമം പ്രകാരം വിവാഹിതരായ സ്വവര്‍ഗ വിവാഹിതര്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍മപ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനാവില്ല എന്നായിരുന്നു സത്യവാങ്മൂലത്തിലൂടെ കേന്ദ്രം അറിയിച്ചത്. ഇതിനെതിരെയാണ് ജസ്ല രംഗത്ത് എത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജസ്ലയുടെ പ്രതികരണം.

ജസ്ലയുടെ കുറിപ്പ്, എന്തോന്ന് സംസ്‌കാരം..? ജാതി മാറി കല്ല്യാണം കഴിച്ചതിന് പൊതുവഴിയില്‍ ദമ്പതികളെ നഗ്‌നരാക്കി മര്‍ദ്ധിച്ച രാജ്യം എന്റെ ഇന്ത്യ… ജാതി മാറി പ്രണയിച്ചതിന് അപ്പന്‍ മകളെ കൊന്ന രാജ്യം എന്റെ ഇന്ത്യ.. അമ്മ മക്കളെയും മക്കള്‍ അമാതാപിതാക്‌ളെയും തല്ലിക്കൊല്ലുന്ന രാജ്യം എന്റെ ഇന്ത്യ… 2 വയസ്സ് കാരിമുതല്‍ 90 വയസ്സുകാരി അമ്മമ്മ വരെ ക്രൂരമായ ലൈംഗീക വൈകൃതത്താല്‍ പിച്ചിചീന്തപ്പെടുന്ന രാജ്യം എന്റെ ഇന്ത്യ…

അന്ധവിശ്വാസങ്ങളുടെ പേരില്‍ മക്കളെ കൊല്ലുന്ന അച്ഛനമ്മമാരുടെ രാജ്യം എന്റെ ഇന്ത്യ…. ഭാരതീയ സംസ്‌കാരം…നീണാള്‍ വാഴട്ടെ… സ്വവര്‍ഗ്ഗരതിക്കാരും മനുഷ്യരാണ്..എന്നെയും നിങ്ങളെയും പോലെ..ജീവിക്കാനുള്ള പൗരാവകാശം റദ്ദ് ചെയ്യപ്പെടുന്നിടത്ത് ശബ്ദങ്ങളുയരട്ടെ..

ജസ്ലയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ ലോകത്ത് വൈറലായി. നിരവധി പേര്‍ പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്ത് എത്തുന്നുണ്ട്. ജസ്ലയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരാണ് അധികവും. അതിന് ആര്‍ക്കു വേണം അനുമതി. അവനവന്‍ മറ്റുള്ളവരെ ഉപദ്രവിക്കാതെ അവനവന് ഇഷ്ടമുള്ളത് ചെയ്യുക. എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തായാലും ജസ്ലയുടെ കുറിപ്പ് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.