അള്ളാഹു ഒരുമിത്താണെന്ന് ഷംസീർ പറയുമോ? ഷംസീർ നടത്തിയത് പരമതനിന്ദ, മാപ്പ് പറയണം- കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്പീക്കർ ഷംസീറും മന്ത്രി മുഹമ്മദ് റിയാസും മതതീവ്രവാദികൾക്ക് ഊർജ്ജം പകരുന്ന പ്രസ്താവനകൾ നിരന്തരം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അത് ദുഷ്ടലാക്കോടെയുള്ള പ്രസ്താവനയാണ്. സ്വാഭാവികമോ യാദൃശ്ചിതകമോ ആയ പ്രസ്താവനയല്ല. ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദു സമുദായം. അത് ഓർമ്മിക്കുന്നത് നല്ലതാണ്. പരസ്യമായ പരമതനിന്ദയാണ് ഷംസീർ നടത്തിയത്.

അള്ളാഹു ഒരുമിത്താണെന്ന് ഷംസീർ പറയുമോ. അതിന് ധൈര്യമുണ്ടോ. അയാളുടെ കൈയ്യും കാലും എല്ലാം വെട്ടും. പിന്നെയെങ്ങനെയാണ് ഗണപതി മിത്താണ് എന്ന് പറയുന്നത്. സ്പീക്കർ ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണ്. സ്വന്തം മതത്തെ ഉയർത്തിപ്പിടിക്കുകയും മറ്റുമതങ്ങളെ നിന്ദിക്കുകയും ചെയ്യുന്നത് മതനിരപേക്ഷതയല്ല. എല്ലാവരും ഹിന്ദുക്കളുടെ നെഞ്ചത്ത് കുതിരകയറുകയാണ്, സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റെ, യുഡിഎഫിന്റെ നിശബ്ദത ഭയപ്പെടുത്തുന്നു. സുധാകരനും സതീശനും മിണ്ടാത്തത് ലീഗിനെ ഭയന്നാണോ. ഗണപതി ഭഗവാനെ പരസ്യമായി അധിക്ഷേപിച്ച ഷംസീറിനോട് സഭയിൽ കോൺഗ്രസിന്റെ നിലപാട് എന്തായിരിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.