കെഎൻ ബാലഗോപാൽ ധനമന്ത്രി പട്ടം ഒഴിവാക്കി വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം. കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ സുരേന്ദ്രന്‍. ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി കെഎന്‍ ബാലഗോപാല്‍ വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്രസര്‍ക്കാരിനെ പഴിചാരിയിട്ട് എന്താണ് കാര്യം. ശമ്പളവും പെന്‍ഷനും ഇതുവരെ കൊടുത്തിട്ടില്ല.

ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന് ഓണം ഈമാസമാണെന്ന് അറിയില്ലായിരുന്നോ. ജനങ്ങളെ കഷ്ടപ്പെടുത്തിയത് നിങ്ങളാണ്. ഇന്ത്യയില്‍ ഫിനാന്‍സ് മാനേജ്‌മെന്റ് മോശമായി നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ലഭിച്ച ഗ്രാന്റും നികുതി വിഹിതവും സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കള്ളപ്രചാരണം നടത്തുന്നത് നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.