കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ സപ്ലൈകോയിൽ ഇടപെടാത്തതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം. ഓണം വിപണിയില്‍ വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിപണി ഇടപെടലിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 70 കോടി രൂപയാണ്. എന്നാല്‍ 400 കോടി ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സപ്ലൈകോയില്‍ ഇടപെടാത്തതിന് കാരണം കരിഞ്ചന്തക്കാരെ സഹായിക്കുവനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കാലത്ത് സൂപ്പര്‍ സ്‌പെഷ്യല്‍ ചന്തകള്‍ നടത്തുമെന്ന് പറഞ്ഞത് വെറും തള്ളാകും. ഓണക്കാലത്ത് സബ്‌സിഡിക്ക് മാത്രം 80 കോടി വേണമെന്നിരിക്കെയാണ് സര്‍ക്കാര്‍ 70 കോടി അനുവദിച്ചെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓണാഘോഷത്തിന്റെ പേരില്‍ കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ പൊടിക്കുന്നത് എന്നാല്‍ വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളത്തില്‍ വരച്ച വരപോലെയാണ് കടംവാങ്ങിയാണെങ്കില്‍ സാധനങ്ങള്‍ ഓണക്കാലത്ത് സപ്ലൈകോയില്‍ എത്തിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഒരു സാധനങ്ങളും ഇല്ലാത്ത സ്വപ്‌നക്കച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ് നിലവില്‍ സപ്ലൈകോ എന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.