മനോഹരമായ 16 വർഷങ്ങൾ,ഭാര്യക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് കലാഭവൻ ഷാജോൺ

മിമിക്രിവേദികളിൽ നിന്ന് മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. 1999ല്‍ മൈഡിയര്‍ കരടിയിലൂടെ സിനിമാലോകത്തെത്തിയ ഷാജോണ്‍ ഇതുവരെ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പൃഥ്വിരാജിനെ നായകനാക്കി ബ്രദേർസ് ഡേ എന്ന പേരിൽ ഹിറ്റ് ചിത്രവുമൊരുക്കി സംവിധാനത്തിലും കൈയ്യൊപ്പ് പതിപ്പിച്ചു. ദൃശ്യം എന്ന സിനിമയിലെ വില്ലനായ കോണ്‍സ്റ്റബിള്‍ സഹദേവനാണ് ഷാജോണിന്റെ കരിയര്‍ ബ്രേക്കായ ചിത്രം. പിന്നീട് ലൂസിഫറിലും പഴയ ബോംബ് കഥ എന്ന ചിത്രത്തിലുമെല്ലാം വില്ലനായി ഷാജോണ്‍ തിളങ്ങിയിരുന്നു.

പതിനാറാം വാർഷിക ദിനത്തിൽ ഷാജോൺ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. മനോഹരമായ 16 വര്‍ഷങ്ങള്‍ക്ക് ദൈവത്തിന് നന്ദി എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ഷാജോണ്‍ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

2004-ല്‍ ആയിരുന്നു ഷാജോണും ഡിനിയും വിവാഹിതരായത്. ഹന്ന എന്ന് പേരുള്ള മകളും യോഹാന്‍ എന്ന് പേരുള്ള മകനും ഷാജോണിനുണ്ട്. തങ്ങളുടേത് പ്രണയ വിവാഹമായിരിന്നുവെന്ന് മുമ്പ് ഷാജോണ്‍ പറഞ്ഞിട്ടുണ്ട്. ഒരു ഗള്‍ഫ് ഷോയുടെ ഇടയിലാണ് താന്‍ ഡിനിയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. മിസ് തൃശൂര്‍ പട്ടം ഉള്‍പ്പെടെ നേടിയിട്ടുള്ളയാളാണ് ഡിനി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ തനിക്കും കുഴപ്പമില്ലെന്നുള്ള ഡിനിയുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് ഷാജോണ്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹിതരായത്