അമ്മയുടെ മരണം ​ഡിപ്രഷനിലേക്ക് നയിച്ചു, ഒരു സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു- കല്യാണി രോഹിത്

മുല്ലവളളിയും തേൻമാവും, പരുന്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് കല്യാണി രോഹിത്. 2009 വരെ തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ടെലിവിഷൻ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. തന്റെ ജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും തൻറെ ക‍ഴിഞ്ഞകാല ജീവിതത്തെ കുറിച്ചും തുറന്നു പറയുന്ന കല്യാണിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഡിപ്രഷൻ ബാധിച്ചത് അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ നടിയെ അലട്ടിയിരുന്നു. തന്റെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും അച്ഛന്റെ മർദ്ദനത്തിനിടെ അമ്മ പലപ്പോഴും തളർന്ന് വീണിട്ടുണ്ടെന്നും നടി അഭമിഖത്തിൽ പറഞ്ഞു.

എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛൻ മദ്യപിക്കുകയും അമ്മയെ മർദിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ് ഞാൻ വളർന്നത്. ഞാനും അമ്മയും ഒരു ഷോയിൽ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ട് എന്നെ ഒരു പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുത്തു. പക്ഷേ അച്ഛൻ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയിൽ പങ്കെടുത്തു. അതുവഴിയാണ് സിനിമ ലഭിച്ചത്.

ഇതിനിടെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛന്റെ മർദ്ദനത്തിനിടെ അമ്മ പലപ്പോഴും തളർന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നിൽ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്.

എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. 21-ാം വയസിൽ വിവാഹം കഴിക്കാൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിവാഹം കഴിച്ചു. അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്‌ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു.

ആ സമയത്താണ് ഡിപ്രഷൻ എന്നെ ബാധിച്ചത്. ഒരു ദിവസം എനിക്ക് ഉണരാൻ കഴിഞ്ഞില്ല. എനിക്ക് എന്റെ കാൽ അവിടെ ഉണ്ടെന്ന് പോലും അറിയാൻ കഴിയുന്നില്ലായിരുന്നു. എന്റെ നട്ടെല്ലിന് ഒരു മേജർ ഓപ്പറേഷൻ നടത്തി. അതിന് ശേഷം ഞങ്ങൾ വിദേശത്തേക്ക് പോയി. ഒരു ഘട്ടത്തിൽ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു” എന്നാണ് കല്യാണി പറയുന്നത്.

എനിക്ക് ഒരു 21 വയസ് ആയപ്പോൾ അമ്മയെന്നോട് കല്യാണം കഴിക്കണം എന്ന് ആവശ്യപ്പെട്ടു. അമ്മയുടെ ആവശ്യപ്രകാരം ആണ് ഞാൻ കല്യാണം കഴിച്ചത്. എന്റെ കല്യാണം കഴിഞ്ഞ് ഒരു വര്ഷം ആയ സമയത്ത് ഒരിക്കൽ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല, ഞാനും എന്റെ ഭർത്താവും അമ്മയ്‌ക്കൊപ്പം രാത്രി ഭക്ഷണം ഒക്കെ കഴിച്ച് ഞങ്ങളുടെ വീട്ടിലേക്ക് പോയി. അടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. രാവിലെ ഞാൻ വരുമ്പോൾ അമ്മ ഭയങ്കര ഗ്ലൂമി ആയിരുന്നു. നമുക്ക് ജിമ്മിൽ പോകാം എന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നിട്ട് ഞാൻ റെഡി ആവാൻ പോയിട്ട് ഒരു പതിനഞ്ചു മിനിറ്റിൽ തിരിച്ചു വന്നു. ഡോറിൽ മുട്ടിയിട്ട് അമ്മ കതക് തുറക്കുന്നില്ല

അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായി എന്നാണ് ഞാൻ വിചാരിച്ചത്. ആ ഫ്ലാറ്റിലുള്ള ഒരുപാട് ആളുകളെ ആ ഡോർ തുറക്കാൻ സഹായത്തിനു വിളിച്ചു, ആരും വന്നില്ല. അന്നൊരു ഡിസംബർ 24 ആയിരുന്നു, ക്രിസ്തുമസിന്റെ തലേദിവസം. ഞങ്ങൾ താമസിച്ചിരുന്നത് ബീച്ചിനു അടുത്തായിരുന്നത് കൊണ്ട് ബീച്ചിൽ പെട്രോളിങ്ങിന് വരുന്ന പോലീസുകാർ ആണ് ഓടി വന്നു സഹായിച്ചത്. അമ്മ ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നു, ശരീരം ഒക്കെ നീല നിറത്തിലായി നാവൊക്കെ പുറത്തേക്ക് വന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് എനിക്ക് ഡിപ്രെഷൻ തുടങ്ങിയത്.