കേരളത്തിന്റെ കോവിഡ് മരണക്കണക്കില്‍ അവ്യക്തതയെന്നു കേന്ദ്രത്തിന്റെ കത്ത്‌

കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഡിസംബർ 22 ന് ശേഷം മരിച്ചവരിൽ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ ചില കോവിഡ് മരണങ്ങൾ ഔദ്യോഗിക രേഖകകളിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സംശയിക്കുന്നത്.

ഇതിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നൽകിയത്.

അതേസമയം സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപെടുത്താൻ വിട്ടുപോയിട്ടുള്ള മരണങ്ങൾ ഇനിയും സംസ്ഥാന സർക്കാരിന് കൂട്ടിച്ചേർക്കാനാവും. മഹാരാഷ്ട്ര, ബീഹാർ സർക്കാരുകൾക്ക് വിട്ടുപോയ കോവിഡ് മരണങ്ങൾ കൂട്ടി ചേർക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.