മാർച്ച് 31ന് മുമ്പ് 6400 കോടി കൂടി കടം എടുക്കാൻ കേരളം; ഈ വർഷം എടുത്തത് 30439 കോടി

തിരുവനന്തപുരം. മാർച്ച് 31നു മുൻപ് 6400 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ചൊവ്വാഴ്ച 1000 കോടി രൂപ കടമെടുക്കും. ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി ഈ മാസം അവസാനം 2000 കോടി രൂപ കൂടി കടം എടുക്കും. അടുത്ത മാസം 1,900 കോടിയും മാർച്ചിൽ 1500 കോടിയും കടം വാങ്ങും. റിസർവ് ബാങ്ക് വഴിയാണ് കടമെടുപ്പ്.

കേരളം ഈ സാമ്പത്തിക വർഷം ഇതുവരെ 24039 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. 6400 കോടി കൂടി കടമെടുക്കുന്നതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 30439 കോടി രൂപയാകും.

2021–22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12562 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് അവകാശത്തിൽ നിന്നു കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഈ വർഷം മുതൽ 3140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറച്ചിരിക്കുന്നത്.