സുധാകരനും പാർട്ടിയുമായി പ്രശ്നങ്ങളില്ല; പാർട്ടി കോൺ​ഗ്രസിൽ‌ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ലെന്നും കോടിയേരി

കണ്ണൂർ: ജി സുധാകരനും (G Sudhakaran) പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന് സിപിഎം (CPM)  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri  Balakrishnan). കണ്ണൂരിൽ നടക്കുന്ന  23-ാം സിപിഎം പാർട്ടി കോൺഗ്രസിൽ (CPM Party Congress) ജി സുധാകരൻ പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നിരുന്നു.  ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ജി സുധാകരൻ കത്ത് നൽകിയിരുന്നു.

സുധാകരൻ പാർട്ടി കോൺഗ്രസ്സിന് എത്തില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അസ്വഭാവികത ഒന്നും ഇല്ല എന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച പാർട്ടി നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകുന്നതെന്ന് സുധാകരൻ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായുള്ള അസംതൃപ്തിയും കാരണമായെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു.

അഞ്ചാം തീയതി കണ്ണൂർ ജില്ലയുടെ അതിർത്തിയായ പെരിങ്ങത്തൂർ വച്ച് പതാകജാഥക്കും കരിവള്ളൂരിൽ വച്ച് കൊടിമര ജാഥയ്ക്കും സ്വീകരണം നൽകുമെന്നും എം വി ജയരാജൻ പറഞ്ഞു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വിവിധ പരിപാടികളിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. സീതാറാം യെച്ചൂരി നാലാം തീയതി കണ്ണൂരിലെത്തും. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി എന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. പ്രതിനിധികളും നിരീക്ഷകരുമായ 815 പേർ നാളെ മുതൽ സമ്മേളനത്തിയായി എത്തി തുടങ്ങും.