വിലക്ക് ലംഘിച്ച് കോവളം ബീച്ചിൽ വിനോദ സഞ്ചാരികൾ പടക്കം പൊട്ടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് കോവളം ബീച്ചിൽ വിനോദസഞ്ചാരികൾ പട്ടക്കം പൊട്ടിച്ചത് മറ്റ് വിനോദ സഞ്ചാരികളെ പരിഭ്രാന്തിയിലാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സീറോക്ക് ബീച്ചിലും സമീപത്തെ റസ്റ്റോറന്റിലും ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരാണ് പരിഭ്രാന്തിയിലായത്.

തെങ്കാശിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് പടക്കം പൊട്ടിച്ചത്. കൂടുതല്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ച സംഘത്തെ ഉല്ലാസബോട്ട് സര്‍വ്വീസുകാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വിനോദ സഞ്ചാരികള്‍ വേഗം സ്ഥലം വിട്ടു.

പകല്‍ സമയത്ത് കോവളം ബീച്ചില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. ഇന്നലെ രാവിലെ കോവളം ഹൗവ്വാ ബീച്ചിലായിരുന്നു ഉഗ്ര ശബ്ദത്തോടെ പടക്കം പൊട്ടിയത്. താരതമ്യേന ശബ്ദ മുഖരിതമല്ലാത്ത ബീച്ചിലെത്തിയ മറ്റ് വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഇത് പരിഭ്രാന്തി പടര്‍ത്താന്‍ കാരണമായി.

സമീപത്തുണ്ടായിരുന്ന ടൂറിസം പൊലീസ് സംശയം തോന്നിയ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തങ്ങളല്ലാ പടക്കം പൊട്ടിച്ചത് എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നതോടെ അവരെ പറഞ്ഞയയ്ക്കുകയായിരുന്നു.