ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മള്‍ എല്ലാം ചാണകമാണ്, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും നടന്‍ മലയാള പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. താരത്തിന്റെ കുടുംബം മുഴുവന്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. നാല് പെണ്‍മക്കളും ഭാര്യ സിന്ദുവും ഒക്കെ മലയാളികള്‍ക്ക് പരിചിതര്‍. കുടുംബത്തിലെ ആറ് പേര്‍ക്കും നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുണ്ട്. മൂത്തമകള്‍ അഹാന കൃഷ്ണയും തന്റെ പാത അഭിനയമെന്ന് തെളിയിച്ച് കഴിഞ്ഞു.

അടുത്തിടെ നടന്‍ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വ്യക്തമാക്കിയിരുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താത്പര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നും നടന്‍ പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സമയം തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി കൃഷ്ണകുമാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ചില വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നത്. സംഘ്പരിവാര്‍ അനുകൂലികളെ ‘ചാണക സംഘി’ എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

ചാണകസംഘി വിളി നിത്യം കേള്‍ക്കുന്നതാണ്. തനിക്ക് ആ വിളി കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മള്‍ എല്ലാം ചാണകമാണ് സദ്ഗുരുവിന്റെ പുസ്തകം ഉദ്ധരിച്ച് കൃഷ്ണകുമാര്‍ പറഞ്ഞു. സദ്ഗുരുവിന്റെ പുസ്തകത്തില്‍ എഴുതിയതില്‍ നിന്നൊരു അംശം എടുത്താണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. എന്ത് നാം ഭക്ഷിച്ചാലും അത് നമ്മളായി മാറും. കൃഷിയിടങ്ങളിലെ ഏറ്റവും വലിയ വളം ചാണകമാണ്. ഇതാണ് അരിയായും ഭക്ഷ്യവസ്തുക്കളുമായും മാറുന്നത്. ചാണകത്തിന്റെ രൂപമാറ്റമാണ് എല്ലാ ഭക്ഷണവും. അങ്ങനെ വരുമ്പോള്‍ ഞാനും ചാണകം, നിങ്ങളും ചാണകം, എല്ലാവരും ചാണകം കൃഷ്ണകുമാര്‍ പറഞ്ഞു.

ഇന്ന് സംഘി ചാണകം മാത്രമല്ല, കൊങ്ങി ചാണകമുണ്ട്, കമ്മി ചാണകമുണ്ട്, സുഡാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചാണകമേ ഉലകം. ചെറുപ്പത്തില്‍ ശാഖയില്‍ പോയിരുന്നു. പിന്നീട് എ.ബി.വി.പിയിലായി. തെരഞ്ഞെടുപ്പ് കാലത്തൊക്കെ വലിയ ആവേശമായിരുന്നു. ബി.ജെ.പിക്ക് വലിയ വളര്‍ച്ചയാണുണ്ടാകുന്നത്. ഇവിടെ താമര വിരിയുക തന്നെ ചെയ്യുമെന്നും കൃഷ്ണകുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.