യുവതിയ്‌ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം, മുടിയിൽ കുത്തിപ്പിടിച്ച് മർദിച്ചെന്ന് പരാതി

തിരുവനന്തപുരം : യുവതിയ്‌ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം. അതിർത്തി തർക്കം പരിഹരിക്കാനെത്തിയ പോലീസുകാരും യാതൊരു പ്രകോപനവുമില്ലാതെ തന്നെ മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. വെള്ളറട സി ഐ മൃദുൽ കുമാറാണ് വനിത പോലീസിന്റ അസാനിദ്ധ്യത്തിൽ യുവതിയെ മർദ്ദിച്ചത്.

വെള്ളറട സ്വദേശിനിയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിച്ചു എന്നാണ് പരാതി. യുവതിയുടെ വീടിനോട് ചേർന്നുള്ള മതിലുമായി ബന്ധപ്പെട്ട അയൽവാസിയുമായുള്ള തർക്കത്തിനെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. ഇതിനിടെ യുവതിയെ മുടി കുത്തിപ്പിടിച്ച് ഉദ്യോഗസ്ഥൻ മർദിക്കുകയായിരുന്നു.

സി ഐ യും സംഘവും വനിതാ പോലീസിനെ കൂട്ടാതെയാണ് എത്തിയത്. സി ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മകനെയും പോലീസ് ആക്രമിച്ചു. മകന്റെ മൊബൈൽ ഫോൺ പോലീസ് ബലമായി പിടിച്ചെടുത്തു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും, പോലീസിനെ അക്രമിച്ചുവെന്നും പറഞ്ഞ് മകനെതിരെ കള്ളക്കേസിൽ കുടുക്കിയതായും യുവതി പറയുന്നു. യുവതിയുടെ മകനെ അറസ്റ്റ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.