മുതിർന്ന ഡോക്ടറിൽനിന്ന്‌ ലൈംഗികാതിക്രമം, വനിതാ ഡോക്ടറുടെ പരാതി ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷിക്കും

കൊച്ചി : ഹൗസ് സർജൻസിക്കിടെ മുതിർന്ന ഡോക്ടറിൽനിന്ന്‌ ലൈംഗികാതിക്രമം നേരിട്ടെന്ന വനിതാ ഡോക്ടറുടെ പരാതി ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തിൽ വനിതാ ഡോക്ടർ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരമാണ് നടപടി.

വനിതാ ഡോക്ടറുടെ പരാതി മറച്ചുെവച്ചോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കാനാണ് നിർദേശം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർ ഷാ സെൻട്രൽ പോലീസിന് വെള്ളിയാഴ്ച പരാതി നൽകി. പരാതിക്കാരിയായ വനിതാ ഡോക്ടർ ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് അയച്ച ഇ മെയിലിന്റെ കോപ്പി സഹിതം പരാതി നൽകുകയായിരുന്നു.

2019 ഫെബ്രുവരിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ വൈകീട്ട് ആശുപത്രി ക്വാർട്ടേഴ്‌സിൽ മുതിർന്ന ഡോക്ടറുടെ സ്വകാര്യ കൺസൾട്ടിങ് മുറിയിൽ വെച്ചായിരുന്നു സംഭവമെന്നാണ് വനിതാ ഡോക്ടറുടെ വെളിപ്പെടുത്തൽ. തനിച്ചായിരുന്ന തന്നെ മുതിർന്ന ഡോക്ടർ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തെന്നാണ് വനിതാ ഡോക്ടർ വെളിപ്പെടുത്തൽ.

തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിലെ ഉന്നതാധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുത്തില്ല. ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, ഹൗസ് സർജൻസിക്ക്‌ ഇടയിലായതിനാലും ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് തടഞ്ഞുെവക്കുന്നതിന് അധികാരമുള്ള മുതിർന്ന ഡോക്ടർ ആയതിനാലും കൂടുതൽ പരാതികൾ നൽകിയില്ല. 2023-ൽ ആ ഡോക്ടർ എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന്‌ മറ്റൊരു ആശുപത്രിയിലേക്ക് മാറിയെന്നറിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ പരാതി ബാധിച്ചെന്നും എന്നാൽ മറ്റ് നിയമ നടപടികളൊന്നും അദ്ദേഹത്തിനെതിരേ എടുത്തില്ലെന്നും വനിതാ ഡോക്ടർ പറഞ്ഞു.