ജോജുവിന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല, ലക്ഷ്മി പ്രിയ

ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ നടൻ ജോജു ജോർജ് പ്രതികരിച്ചത് വലിയ വിവാദവും ചർച്ചയുമായിരുന്നു. ഇപ്പോളിതാ നടൻ ജോജു ജോർജിന് പിന്തുണ അറിയിച്ച് നടി ലക്ഷ്മി പ്രിയ രം​ഗത്തെത്തി. ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല!അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയിൽ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയ ദാർഢ്യം! ദന്ത ഗോപുരങ്ങൾക്കിടയിൽ നിൽക്കുന്നവരിൽ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം അനുഭവങ്ങളുടെ മൂശയിൽ ഉരുകി ഉറച്ച മനക്കരുത്താണ്….ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര ബലം അതിനുണ്ട്!

അതുകൊണ്ട് തന്നെ അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു.. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു… അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്., അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ് !അതേ അയാൾ നമ്മുടെ പ്രതിനിധിയാണ്… പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. അയാളെ തടയാൻ ഒരാൾക്കും കഴിയില്ല.അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കും… കൂടുതൽ കൂടുതൽ കരുതത്തോടെ….. Support Joju George നിങ്ങൾക്ക് തല്ലിത്തകർക്കാൻ നോക്കാം, എന്നാൽ തടയാൻ നിങ്ങൾക്ക് കഴിയില്ല….
.
നബി : ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാൻസ് ഉണ്ടാവാൻ എന്ന കമെന്റ് ഇട്ട് സന്തോഷിക്കാൻ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയിൽ തുടരാം എന്നും ഇത്ര സിനിമകൾ ചെയ്തു കൊള്ളാം എന്നും ഞാനാർക്കും വാക്ക് കൊടുത്തിട്ടില്ല…. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ട്. Ok Thanks