പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജോജുവിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ അപ്രത്യക്ഷമായി

കൊച്ചി: കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജോജു ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ അപ്രത്യക്ഷമായി. ജോജു ജോര്‍ജിന്റെ ഫേസ്ബുക്ക് പേജും ഇന്‍സ്റ്റ അക്കൗണ്ടുമാണ് അപ്രത്യക്ഷമായത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സമര അനുകൂലികളും വിരുദ്ധരും തമ്മില്‍ വാക്‌പോരുകള്‍ നടന്നിരുന്നു.

ജോജുവിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് അനുകൂലികള്‍ റിപ്പോര്‍ട്ട് ചെയ്തതാകാനും സാധ്യതയുണ്ട്. എന്നാല്‍ ജോജു മനഃപൂര്‍വം പേജ് ബ്ലോക്ക് ചെയ്തതാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ജോജു തയാറായിട്ടില്ല.

അതേസമയം ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്നും അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രിയും ചോദിച്ചു. ജോജു മദ്യപിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി തന്നെ അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

അതേ സമയം ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. ചമ്മണി ഉള്‍പ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പോലീസ് കണക്കുകൂട്ടല്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പിഡിപിപി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജോജുവിന്റെ പരാതിയില്‍ മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.