ഏറ്റവും വലിയ പ്രശ്നം ചേച്ചി, സതീഷിനെ വിവാഹം കഴിച്ചതിന്റെ ദേഷ്യം ചേച്ചിക്ക് ഇതുവരെ മാറിയിട്ടില്ല, മാലാ പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാർവതി. നാടക രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തിയ താരം തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നടി വേഷമിട്ടു. തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും മാല പാർവതി കാട്ടാറില്ല. ഇതിന്റെ പേരിൽ വലിയ സൈബർ ആക്രമണവും നടി നേരിടേണ്ടതായി വന്നിട്ടുണ്ട്. സി-ഡിറ്റിൽ ഉദ്യോഗസ്ഥനായ ബി.സതീശനാണ് മാലാ പാർവതിയുടെ ഭർത്താവ്.

തന്റെ പ്രണയ കഥ തുറന്നു പറയുകയാണ് മാല പാർവ്വതി ഇപ്പോൾ. ഒരു ഗോസിപ്പ് കഥ സത്യമാവുകയായിരുന്നു. കോളേജിൽ പഠിയ്ക്കുന്ന കാലത്ത് ആയിരുന്നു അത്. ഫിലിം ഫെസ്റ്റിവൽ ഓർഗനൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സിനിമ ബുക്ക് ചെയ്യാൻ കൂടെ വരാം എന്ന് പറഞ്ഞിരുന്നത് ഒരു സുഹൃത്ത് ആണ്. ആ ദിവസം അയാൾ വന്നില്ല. അന്ന് സതീശൻ യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയാണ്. സുഹൃത്ത് വരാത്ത സാഹചര്യത്തിൽ അന്ന് സതീശ് എന്നെ സിനിമ ബുക്ക് ചെയ്യാനായി കൊണ്ടു പോയി. ആ പോക്ക് ആണ് ഞങ്ങളുടെ വിവാഹത്തിൽ എത്തിച്ചത്.

അന്ന് എന്നെയും സതീഷിനെയും ഒരുമിച്ചു കണ്ടു എന്ന രീതിയിൽ കഥകൾ ഇറങ്ങി. അന്ന് എസ് എഫ് ഐ യുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ പേരിൽ ഞങ്ങളുടെ പ്രണയ ഗോസിപ്പ് ആളിക്കത്തി. വിവരം വീട്ടിലറിഞ്ഞ് എന്നെ പൂട്ടിയിട്ട അവസരത്തിലാണ് ഞാൻ സതീശിനെ വിളിച്ച് എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിയ്ക്കുന്നത്. ഇത് രാഷ്ട്രീയമാണ് കുട്ടീ, അതൊന്നും വിശ്വസിക്കേണ്ട കാര്യമാക്കേണ്ട എന്നൊക്കെയാണ് അന്ന് സതീശ് പറഞ്ഞത്.

പക്ഷെ അന്ന് എനിക്ക് അത് സീരിയസ് ആയി. സതീശിന് വേണമെങ്കിൽ ഫ്‌ളേട്ടിങ് ചെയ്യാമായിരുന്നു. പക്ഷെ രാഷ്ടീയമാണ്, ഇതിങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ഒഴിയാനാണ് സതീശ് ശ്രമിച്ചത്. അത് എനിക്ക് ഇഷ്ടമായി. എന്റെ വീട്ടിലാണെങ്കിൽ എനിക്ക് കല്യാണ ആലോചനകളും നടക്കുന്നു. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ സതീഷിനെയായിരിയ്ക്കും എന്ന കാര്യത്തിൽ ഞാൻ അഡമന്റ് ആയിരുന്നു.

ആ സമയത്ത് ആണ് സതീശിന്റെ ചേട്ടന്റെ കല്യാണം വന്നത്. ഞാനും സുഹൃത്തുക്കളും ഒക്കെ സതീശിന്റെ വീട്ടിൽ പോയി. ചെറിയ വീടായത് കൊണ്ടാവും, വീട് കണ്ടാൽ നീ എന്നെ ഉപേക്ഷിക്കും എന്ന് സതീശ് പറഞ്ഞിരുന്നു. വീട്ടിലെത്തി, എന്നെ കണ്ടപ്പോൾ സതീശിന്റെ ചേച്ചി ചോദിച്ചു, ‘മക്കളേ നിന്നെ പോലെയുള്ള കൂട്ടുകാരൊക്കെ സതീഷിനുണ്ടോ. സഞ്ചിയും തൂക്കി നടക്കുന്ന കുറേയെണ്ണങ്ങളെ മാത്രമല്ലേ ഞാൻ കണ്ടിട്ടുള്ളൂ.. നീ ആരാ’ എന്നൊക്കെ.

അപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു, എനിക്ക് സതീശിനെ ഭയങ്കര ഇഷ്ടമാണ്, പക്ഷെ എന്നെ ഇഷ്ടമല്ല എന്ന്. സത്യം പറഞ്ഞാൽ അതിന് ശേഷമാണ് സതീശ് എന്റെ ബന്ധത്തെ സീരിയസ് ആയി കണ്ടത് എന്ന് തോന്നുന്നു. അതിന് ശേഷം കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു. എന്നെ സംബന്ധിച്ച് ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ഞങ്ങളുടെ കല്യാണം.

രജിസ്റ്റർ വിവാഹത്തിന് സതീശിനെ സമ്മതിപ്പിയ്ക്കുക എന്നതും വലിയ പാടുള്ള കാര്യമായിരുന്നു. ‘സത്യത്തിൽ ഞാനൊരു പുരുഷനെ തന്നെ അല്ലേ പ്രണയിച്ചത്’ എന്ന് ഞാൻ ചോദിച്ചപ്പോൾ സതീശിന് അത് വലിയ നാണക്കേടായി തോന്നി. അതിന്റെ അടുത്ത ആഴ്ച കല്യാണവും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് തന്നെ തിരിച്ച് പോയി. എന്നിട്ട് ഞാൻ പറഞ്ഞു, ‘എനിക്ക് കല്യാണം കഴിച്ച് സതീഷിനൊപ്പം പെട്ടന്ന് ജീവിതം തുടങ്ങാൻ വേണ്ടി ഒന്നും അല്ല, എനിക്ക് നിങ്ങളെ കൺവിൻസ് ചെയ്യണം, മറ്റൊരു കല്യാണത്തിന് ഞാൻ ഒരുക്കമല്ല എന്ന് കാണിക്കണം. അതിന് വേണ്ടിയാണ് രജിസ്റ്റർ വിവാഹം ചെയ്തത്’ എന്ന്. ആദ്യം അച്ഛനും അമ്മയും ഒക്കെ എതിർത്തു എങ്കിലും പിന്നീട് അവർക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല.

ഏറ്റവും വലിയ പ്രശ്‌നം എന്റെ ചേച്ചിയായിരുന്നു. ചേച്ചിയ്ക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഭയങ്കര വഴക്കായിരുന്നു വീട്ടിൽ. ചേച്ചിയ്ക്ക് ഇപ്പോഴും സതീശിനെ താത്പര്യം ഇല്ല. അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ആ വെറുപ്പ് ഭീകരമായി ചേച്ചിയ്ക്ക് തിരിച്ചുവരികയാണ് ഉണ്ടായത്. അച്ഛന് അവസാന കാലങ്ങളിൽ സതീശിനെ ഭയങ്കര ഇഷ്ടമായിരുന്നു. മകനെ പോലെയാണ് എന്നാണ് പറഞ്ഞിരുന്നത്