1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂരിൽ കുടുങ്ങി

കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികൾ പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീർ മോൻ, സഫ്ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

ദമ്പതികൾക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. പരിശോധനിയിൽ സഫ്നയുടെ പക്കൽ നിന്നും 1104 ഗ്രാം സ്വർണ്ണ മിശ്രിതമാണ് യുവതിയിൽ നിന്നും കണ്ടെത്തിയത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയാണ് അമീർമോൻ സ്വർണ്ണം കൊണ്ടു വന്നത്. രണ്ടു പേരിൽ നിന്നും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. ദമ്പതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.