പഞ്ചാബിലെ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ലുധിയാന. പഞ്ചാബിലെ ഫഗ്വാരയിലെ ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സര്‍വകലാശാലയില്‍ ഡിസൈന്‍ കോഴ്‌സ് പഠിച്ചിരുന്ന അഗ്നി എസ് ദിലീപ് എന്ന 21 കാരനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണ് അഗ്നി എസ് ദിലീപ് എന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സര്‍വകലാശാലയില്‍ നടക്കുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഗ്നി എസ് ദിലീപിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബി ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു അഗ്നി. അതേസമയം വ്യക്തിപരമായ കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു.

പോലീസ് പറയുന്ന അതേ കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലയും പ്രസ്താവന ഇറക്കി. വിദ്യാര്‍ഥിയുടെ മരമം നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ദുഖമുണ്ടെന്നും സര്‍വകലാശാല പറയുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും ആത്മഹത്യക്കുറിപ്പിലും വ്യക്തിപരമായ കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് പറയുന്നത്. പോലീസ് നടത്തുന്ന എത് അന്വേഷണത്തോടും സഹകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. എന്നാല്‍ മുമ്പ് നടന്ന മരണം സര്‍വകലാശാല അധികൃതര്‍ മറച്ച് വെച്ചുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നത്. രണ്ട് മരണത്തിന്റെ പിന്നിലെ കാരണവും വ്യക്തമാക്കണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.